ദിവസേന പാരസിറ്റമോള്‍ കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 20 ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ഐബുപ്രോഫെന്‍ പോലുള്ള പല വേദനസംഹാരികള്‍ക്കും പകരമായി പാരസിറ്റമോള്‍ കൂടുതല്‍ പ്രയോജനകരമാകുമെന്നായിരുന്നു കാലാകാലങ്ങളായി ഡോക്ടര്‍മാര്‍ വിശ്വസിച്ചു വന്നിരുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഐബുപ്രോഫിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയുണ്ട് എന്നതിനാലായിരുന്നു ഇത്.

എന്നാല്‍, ഇപ്പോള്‍ പാരസിറ്റമോളിനും സമാനമായ പാര്‍ശ്വഫലം ഉണ്ട് എന്നാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഒരുപക്ഷെ ഇതാദ്യമായി തെന്ന നടന്ന പരീക്ഷണത്തില്‍ തെളിഞ്ഞത് വെറും നാല്‍ ദിവസം തുടര്‍ച്ചയായി പാരസിറ്റമോള്‍ കഴിക്കുമ്ബോള്‍ തന്നെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്നാണ്. ഇതില്‍ നിന്നാണ് പാരസിറ്റമോളിന്റെ സ്ഥിരം ഉപയോഗം - പ്രതിദിനം 4 ഗ്രാം അല്ലെങ്കില്‍ എട്ട് ഗുളികകള്‍- ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന അനുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്.

അതേസമയം, വല്ലപ്പോഴും ഒരു പനിയേയൊ തലവേദനയേയൊ ചെറുക്കുന്നതിനായി പാരസിറ്റമോള്‍ കഴിക്കുന്നതുകൊണ്ട് ദോഷമില്ല എന്നും ഈ ഗവേഷകര്‍ പറയുന്നു. എന്നാല്‍, ദീര്‍ഘകാല ഉപയോഗത്തിനായി പാരസിറ്റമോള്‍ നിശ്ചയിക്കുമ്ബോള്‍, ഡോക്ടര്‍മാര്‍ അവയുടെ അളവ് പുനര്‍നിര്‍ണ്ണയം ചെയ്യണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ചും ഹൃദ്രോഗമുള്ളവര്‍ക്കും ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്കും ദീര്‍ഘനാളത്തേക്ക് പാരസിറ്റമോള്‍ നിര്‍ദ്ദേശിക്കുമ്ബോള്‍ കുറഞ്ഞ അളവില്‍ മാത്രമേ നിര്‍ദ്ദേശിക്കാവൂ.

ഹ്രസ്വകാല ഉപയോഗം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല എങ്കിലും പാരസിറ്റമോളിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ രോഗികള്‍ ബോധവാന്മാരായിരിക്കണം; ഏറ്റവും കുറഞ്ഞ സമയത്തേക്ക് സാധ്യമായതില്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പാരസിറ്റമോള്‍ ആയിരിക്കണം അത് ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.

അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ മാത്രമേ പാരസിറ്റമോള്‍ കഴിക്കാന്‍ പാടുകയുള്ളു. ഏകദേശം 110രോഗികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം സര്‍ക്കുലേഷന്‍ എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Post a Comment