കാനഡയിലേക്ക് കുടിയേറാനുള്ള വിസയ്ക്കായി കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നല്‍കാനാകാതെ വന്നതോടെ 31കാരനായ യുവാവ് ആത്മഹത്യ (Suicide) ചെയ്തു.പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതില്‍ മനംനൊന്താണ് ഗുജറാത്തിലെ (Gujarat) നരോദ സ്വദേശിയായ ലഖന്‍ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മരിച്ചയാളുടെ അമ്മ നരോദ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ പരാതി നല്‍കി.

നാനാ ചിലോദയിലെ കൈലാഷ് റോയല്‍ ഫ്ലാറ്റിലാണ് മരിച്ച ലഖന്‍ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി അമ്മ ജയ മഖിജ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പണം നല്‍കുന്ന കാര്യം ലഖന്‍ വിസമ്മതിച്ചപ്പോള്‍ കാമുകി പ്രണയത്തില്‍നിന്ന് പിന്‍മാറി. ഇതോടെ ദുഃഖിതനായ ലഖന്‍ ഫെബ്രുവരി 21 ന് വീട്ടിലെ സ്വീകരണമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

തന്റെ മകനും കാമുകിയും തമ്മിലുള്ള വാട്ട്‌സ്‌ആപ്പ് സംഭാഷണത്തിന്റെ തെളിവുകള്‍ സഹിതം ലഖന്‍റെ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്ന് ലഖന്റെ ഇളയ സഹോദരന്‍ സന്ദീപ് മഖിജ അഹമ്മദാബാദ് മിറര്‍ ദിനപത്രത്തോട് പറഞ്ഞു. " പരാതി നല്‍കിയിട്ട് ആറ് ദിവസം കഴിഞ്ഞു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഞങ്ങളോട് പറയുന്നു. പക്ഷേ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല".

പ്രഭാത നടത്തത്തിനിടെ മകനും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെട്ടതെന്നും, പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നുവെന്നും ലഖന്‍റെ അമ്മ ജയ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്നാല്‍ യുവതി തന്‍റെ മകന്‍റെ സമ്ബത്ത് കണ്ടാണ് അടുപ്പം സ്ഥാപിച്ചതെന്നാണ് ജയ നല്‍കിയ പരാതിയില്‍ പറയുന്നത്. കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിസയ്ക്കായി മകനില്‍ നിന്ന് ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടു, എന്നാല്‍ ഇത് നല്‍കാനുള്ള സാമ്ബത്തിക സ്ഥിതി മകന് ഉണ്ടായിരുന്നില്ലെന്നും ജയ പറയുന്നു.

'എനിക്ക് ആവശ്യമുള്ള പണം പെട്ടെന്ന് നല്‍കുന്ന നിരവധി പുരുഷന്മാരെ അറിയാമെന്ന് പെണ്‍കുട്ടി ലഖനോട് വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞതായി സന്ദീപ് പറയുന്നു. ഒരു കോടി രൂപ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ അവള്‍ വിസമ്മതിച്ചു. ഇതിന് ശേഷം എന്റെ സഹോദരന്‍ വിഷാദാവസ്ഥയിലായി എന്നാണ് സന്ദീപ് മിററിനോട് പറഞ്ഞത്.

ഫെബ്രുവരി 20 നും ഫെബ്രുവരി 21 നും ഇടയ്ക്കുള്ള രാത്രിയില്‍ ലഖന്‍ തന്റെ പിതാവ് രാംബസന്ത് മഖിജയോട് സംഭവങ്ങള്‍ വിവരിച്ചു. രാവിലെ എഴുന്നേറ്റപ്പോള്‍ സ്വീകരണമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ലഖനെയാണ് അമ്മ കണ്ടതെന്ന് സന്ദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടു. പരാതി നല്‍കാനും പ്രാഥമിക അന്വേഷണത്തിനായി കാത്തിരിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയുള്ളൂവെന്ന് പൊലീസ് ഞങ്ങളോട് പറഞ്ഞു.

- Leopard Rescued | മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 50 അടി ആഴമുള്ള കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

അതേസമയം കേസ് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഡിസിപി സോണ്‍-4 രാജേഷ് ഗാധിയ പറഞ്ഞു. മരിച്ചയാളുടെ വാട്ട്‌സ്‌ആപ്പിലെ തെളിവുകള്‍ ഇല്ലാതാക്കിയതായി അപേക്ഷകര്‍ അവകാശപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഞങ്ങള്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ആരോപണവിധേയയായ ആള്‍ക്കെതിരെ നടപടി എടുക്കുമെന്നും രാജേഷ് ഗാധിയ വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment