ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ (M K Stalin) നാല് ദിവസത്തെ യുഎഇ (UAE) സന്ദര്‍ശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തിയത് 6,100 കോടി രൂപയുടെ നിക്ഷേപം (Investment).14,700 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മുന്‍നിര നിക്ഷേപകരുമായി കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതായി യുഎഇ സന്ദ‍‍ര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ നിക്ഷേപിക്കും. നോബല്‍ സ്റ്റീല്‍സ് 1000 കോടി രൂപയും ടെക്സ്റ്റൈല്‍സ് മേഖലയിലുള്ള വൈറ്റ് ഹൗസ് 500 കോടി രൂപയും നിക്ഷേപിക്കും. ട്രാന്‍സ്‌വേള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്ബനീസ് 100 കോടി രൂപയും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ 500 കോടി രൂപയും ഷറഫ് ഗ്രൂപ്പ് 500 കോടി രൂപയും നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ യാത്ര സംസ്ഥാനത്തിന് ​ഗുണം ചെയ്യില്ലെന്നും ഇതൊരു "ഫാമിലി പിക്നിക്" മാത്രമാണെന്നുമുള്ള, സംസ്ഥാനത്തിന്റെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആരോപണം സ്റ്റാലിന്‍ തള്ളി. തന്റെ യാത്ര "വിജയകരമായിരുന്നു" എന്നും വീട്ടിലേതിന് സമാനമായ പ്രതീതി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് നിരവധി നിക്ഷേപകരെ താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേ‍ര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥര്‍ നിരന്തരം വികസനം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം കെ സ്റ്റാലിന്‍ എക്‌സ്‌പോയില്‍; തമിഴ്‌നാട് വാരത്തിന് തുടക്കം

ദുബൈ: തമിഴ്‌നാട് മുഖ്യമന്ത്രി എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിച്ചു. എക്‌സ്‌പോയിലെത്തിയ അദ്ദേഹം വെള്ളിയാഴ്ച ഇന്ത്യന്‍ പവലിയനിലെ തമിഴ്‌നാട് ഫ്‌ലോര്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോണ്‍സുല്‍ ജനറല്‍ അമന്‍പുരി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യവസായം, കൃഷി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് തമിഴ്‌നാടിന്റെ പ്രദര്‍ശനത്തിലുള്ളത്. ഇതിനായി അഞ്ച് കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ആഗോള നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. യുഎഇയിലെത്തിയ സ്റ്റാലിന്‍ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സാമ്ബത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയോദി, തങ്കം തേനരശ്, അമന്‍ പുരി, എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Post a Comment