ബംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നിവയെ നിരോധിക്കാന്‍ സര്‍ക്കാരിന്റെ മുമ്ബാകെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.ഈ രണ്ട് സംഘടനകളെയും നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാക്കളും ഹിന്ദുത്വ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

പല സംസ്ഥാനങ്ങളിലും പിഎഫ്‌ഐ നിരോധിച്ചിട്ടുണ്ടെങ്കിലും എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. സംസ്ഥാനത്തെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ വധക്കേസ് ലോക്കല്‍ പോലിസ് അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊലപാതകക്കേസില്‍ പത്ത് പ്രതികള്‍ക്കെതിരേ ലോക്കല്‍ പോലിസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും ദേശീയ അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യം.

കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചന പരിഗണിച്ചാണ് യുഎപിഎ ചുമത്താന്‍ പോലിസ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. ഫെബ്രുവരി 20 നായിരുന്നു ശിവമോഗ ജില്ലയില്‍ ഹര്‍ഷ എന്ന 28 കാരനായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്.
കര്‍ണാടകയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുസംഘടനകളെയും നിരോധിക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് സര്‍ക്കാര്‍ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്.

ബജ്റം​ഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം ​ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നാണ് സംഭവിച്ചതെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

Post a Comment