പാരീസ്: ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമ്ബോള്‍ ഹിജാബും ചര്‍ച്ചാ വിഷയമാവുകയാണ്അതിതീവ്ര വലതുപക്ഷ നിലപാടുകളുള്ള മറൈന്‍ ലി പെന്‍ ആണ് ഹിജാബ് ചര്‍ച്ചാവിഷയമാക്കിയിരിക്കുനന്ത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ഹിജാബ് നിരോധിക്കും എന്നാണ് ലീ പെന്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രൊണും രംഗത്തുവന്നു.

ഇസ്ലാമിസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ യൂണിഫോമാണ് ഹിജാബ് എന്നായിരുന്നു ലീ പെന്‍ ഒരു ടെലിവിഷന്‍ സംവാദത്തില്‍ പറഞ്ഞത്. താന്‍ ഇസ്ലാമിനെതിരെയല്ല യുദ്ധം ചെയ്യുന്നതെന്നും, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെയാണെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പല യുവതികളും ഇത് ധരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിനു മറുപടിയായിട്ടായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. ഗൗരവകരമായിട്ടാണ് ഇത് പറഞ്ഞതെങ്കില്‍ അത്തരമൊരു നടപടി ഫ്രാന്‍സിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

താന്‍ ഒരിക്കലും മത വസ്ത്രങ്ങള്‍ നിരോധിക്കുകയില്ല എന്ന് മാക്രോണ്‍ വ്യക്തമാക്കി. എന്നാല്‍, തീവ്ര ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും മാക്രോണ്‍ അടച്ചുപൂട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇസ്ലാമിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞവര്‍ഷം മാക്രോണ്‍ ഭരണകൂടം ഒരു വിവാദ നിയമം കൊണ്ടു വരികയും ചെയ്തിരുന്നു.

എന്നാല്‍, ഒരുപടി കൂടി മുന്നോട്ട് പോവുകയാണ് ലീ പെന്‍. പൊതു ഇടങ്ങളില്‍ മതപരമായ വേഷങ്ങള്‍ നിരോധിക്കുകയാണ് അവരുടെ ലക്ഷ്യം. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നതുപോലെ പൊതു ഇടങ്ങളില്‍ മതപരമായ വസ്ത്രധാരണം പാടില്ല എന്നൊരു നിയമം കൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്. 2004-ല്‍ ക്ലാസ്സ് മുറികളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും 2010-ല്‍ തെരുവുകളില്‍ മുഖം മറയ്ക്കുന്ന ബുര്‍ക്ക നിരോധിച്ചുകൊണ്ടുള്ള നിയമത്തിനും പിന്നാലെ മറ്റൊരു കടുത്ത നിയമമായിരിക്കും, ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ വരിക.

ധാരാളം മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ഒന്നാണ് ഹിജാബ്. അതുകൊണ്ടു തന്നെ ലീ പെന്നിന്റെ നീക്കം ഫ്രഞ്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് അവരുടെ വിമര്‍ശകര്‍ പറയുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് പറഞ്ഞ ലീ പെന്‍, മതപരമായ രീതിയിലുള്ള കശാപ്പും നിരോധിക്കുമെന്ന് പറഞ്ഞു. ഇത് നിരവധി മുസ്ലീങ്ങള്‍ക്കും യഹൂദന്മാര്‍ക്കും കോഷറും ഹലാല്‍ മാംസവും അന്യമാക്കും.

നേരത്തേ തന്റെ പ്രസംഗത്തിനിടയില്‍ തന്റെ എതിരാളി റഷ്യയുടെ കൈയിലെ പാവയാണെന്ന് മാക്രോണ്‍ ആരോപിച്ചിരുന്നു. രാജ്യത്തെ ഒരു ബാങ്കായി ഉപയോഗിക്കുന്ന ലീ പെന്‍ ഈ യുക്രെയിന്‍ യുദ്ധകാലത്തും റഷ്യയിലേക്ക് പണം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂഖണ്ഡത്തെ യുദ്ധഭീതി വിഴുങ്ങിയിരിക്കുകയാണെന്ന് ഓര്‍മ്മിപ്പിച്ച മാക്രോണ്‍, റഷ്യ ആക്രമണ ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ഇത് മനുഷ്യകുലത്തിന്റെ നാശത്തിനെ ഉതകൂ എന്നും പറഞ്ഞു. അതിനുശേഷമാണ് ലീ പെന്നിനു നേരെ മാക്രോണ്‍ തിരിഞ്ഞത്.

'' നിങ്ങള്‍ റഷ്യയുടെ പിടിയിലാണ്. ഫസ്റ്റ് ചെക്ക്- റഷ്യന്‍ ബാങ്കില്‍ നിന്നും 2014-ല്‍ നിങ്ങള്‍ വായ്പയെടുത്തു, സിറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തവരുമായി നേരിട്ട് ഇടപാടുകള്‍ നടത്തി'' മാക്രോണ്‍ ആരോപിച്ചു. 2017- തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെ അസ്ഥിരപ്പെടുത്താനും റഷ്യ ലീ പെന്നിനൊപ്പം ശ്രമിച്ചു എന്നും മാക്രോണ്‍ പറഞ്ഞു. അതേസമയം, തന്റെ നാഷണല്‍ റാലി പാര്‍ട്ടി റഷ്യയുടെ സ്വാധീനത്തിലാണെന്നത് നിഷേധിച്ച ലീ പെന്‍, ഫ്രഞ്ച് ബാങ്കുകള്‍ വായ്പ തരാഞ്ഞതിനാല്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് റഷ്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുക്കേണ്ടി വന്നതെന്നും പറഞ്ഞു.

താന്‍ തികച്ചും സ്വതന്ത്രയായ ഒരു വനിതയാണെന്നു പറഞ്ഞ അവര്‍, ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി താന്‍ യുക്രെയിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഒളിഗാര്‍ക്ക്മാര്‍ക്കെതിരെയുള്ള ഉപരോധത്തെ പിന്തുണയ്ക്കുന്നു എന്നുപറഞ്ഞ ലീ പെന്‍ പക്ഷെ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് റഷ്യയ്ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍ ഊര്‍ജ്ജ ക്ഷാമത്തില്‍ ഫ്രഞ്ച് ജനത കഷ്ടപ്പെടുമെന്നുമവര്‍വ്യക്തമാക്കി. യുക്രെയിനിലേക്ക് ഫ്രാന്‍സ് ആയുധം നല്‍കുന്നത് ഒരുപക്ഷെ ഫ്രാന്‍സിനേയും യുദ്ധത്തിലേക്ക് വലിച്ചിഴ്‌ച്ചേക്കാം എന്നും അവര്‍ പറഞ്ഞു.

ഏപ്രില്‍ 10 ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ത്ഥികളില്‍ മാക്രോണാണ് മുന്‍പിലെത്തിയത്. തൊട്ടടുത്ത എതിരാളിയായ ലീ പെന്നിനെ കാള്‍ 4 ശതമാനം പോയിന്റുകള്‍ അദ്ദേഹം കൂറ്റുതല്‍ നേടിയിരുന്നു. വരുന്ന ഞായറാഴ്‌ച്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടിന്റെ ലീഡ് മാക്രോണ്‍ നേടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍, 2017-ലെ തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ 66 ശതമാനം വോട്ടുകള്‍ നേടിയാണ് മാക്രോണ്‍ ലീ പെന്നിനെ തോല്‍പിച്ചത്.

Stories you may Like

Post a Comment