നിശ്ശബ്ദതയ്ക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്. മഞ്ജുവാര്യർ എന്ന സ്ത്രീയെ ഞാനതിനാൽ ആദരവെന്ന പദത്തിൻ്റെ സമ്പൂർണ്ണാർത്ഥത്തിൽ ആദരിക്കുന്നു. ആൺകോയ്മയുടെ തുറുങ്കിലകപ്പെട്ട സമൂഹത്തിന് ഒരു സ്ത്രീക്കു നേരെ ഉന്നയിക്കാവുന്ന ആരോപണങ്ങളെന്തെല്ലാമുണ്ട്? അവിഹിതം, അഗമ്യഗമനം, മദ്യപാനം, അനുസരണാരാഹിത്യം, ധനമോഹം, കുടുംബസ്നേഹനിരാസം, നിരുത്തവാദിത്തം, മാതൃത്വകളങ്കം - ഇങ്ങനെ എന്തെല്ലാം നൽകാമോ അതെല്ലാം ഈ സ്ത്രീക്കു മുകളിൽ കോരിച്ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു.
എണ്ണമില്ലാത്ത അന്തിച്ചർച്ചകളിലും ആണത്തപ്പടപ്പുകളിലും പരിഹസിക്കപ്പെട്ടിരിക്കുന്നു. മുൻപങ്കാളിയുടെ ആണൂളപ്പട നിഘണ്ടു തന്നെ ഈയൊരു സ്ത്രീക്കായി തെറിയാൽ പുനർനിർമ്മിച്ചിരിക്കുന്നു. ഊഹങ്ങളും അഭ്യൂഹങ്ങളും കൊണ്ട് ചുറ്റും മലീമസമാക്കിയിരിക്കുന്നു. എന്നിട്ടും,
എന്നിട്ടും ഈ സ്ത്രീ നിശ്ശബ്ദയായിരിക്കുന്നു.
ശരിയാണ്, നിങ്ങൾക്കു പറയാം - പ്രതികരിക്കുകയാണ് അനീതിക്കെതിരെയുള്ള അഭിമാനകരമായ മാർഗം. മനുഷ്യാന്തസ്സിനേൽക്കുന്ന പ്രഹരങ്ങൾക്കെതിരെ നേർക്കുനേർ മറുപടികളാണ് ആർജ്ജവത്തിൻ്റെ ലക്ഷണം. എല്ലാം ശരിയാണ്. എന്നാൽ, വ്യക്തിയുടെ സ്വകാര്യതയെ വിൽപ്പനച്ചരക്കാക്കുന്ന മാധ്യമീകൃത ലോകത്ത് നിശ്ശബ്ദതക്ക് ആഴമേറിയ ധ്വനിമൂല്യമുണ്ട്.
എൻ്റെ സ്വകാര്യത എനിക്കു താൽപര്യമില്ലാത്തിടത്തോളം നിങ്ങളോടു ഞാനെന്തിന് പങ്കുവെക്കണം? എൻ്റെ ഡയറി വായിക്കാൻ കിട്ടണമെന്നു വാശി പിടിക്കാൻ നിങ്ങളാരാണ്? സ്വകാര്യതയുടെ രാഷ്ട്രീയമെന്തെന്നറിയാത്ത നിങ്ങളോട് എന്നെ തുറന്നുവെക്കാൻ എനിക്കെന്തു ബാദ്ധ്യതയുണ്ട്? ഈ ചോദ്യങ്ങൾ പോലും ചോദിക്കേണ്ടതില്ല. മൗനത്തിൽ ഈ ചോദ്യങ്ങൾ എല്ലാം ഉള്ളടങ്ങുന്നു.
മൗനമെപ്പൊഴും മൗനമല്ല. വാചാലതയെ കീറിമുറിക്കുന്ന ആയുധമായും മൗനം പ്രവർത്തിക്കും. ആത്മവിമർശനത്തിൻ്റെ കണ്ണാടിക്കു മുന്നിൽ മാത്രം വാചാലമാകാനുള്ള കരുത്താർജ്ജിച്ചവരുടെ മൗനം ലക്ഷോപലക്ഷം അക്ഷരമാലയേക്കാൾ അഭിമാനകരമാണ്.
മൗനത്തിൻ്റെ രാജകുമാരീ, നിനക്ക് തൊപ്പിയൂരി സലാം
Post a Comment