കോഴിക്കോട്: 'പുരസ്‌ക്കാരം എനിക്ക് മാത്രമുള്ളതല്ല, ട്രാന്‍സ് വിഭാഗത്തിനെല്ലാമുള്ള അംഗീകാരമാണ് എനിക്ക് കിട്ടിയ ഈ പുരസ്‌ക്കാരം..
' കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആദ്യമായി പുരസ്‌ക്കാരം സ്വന്തമാക്കിയ ട്രാന്‍സ് വിഭാഗത്തിലെ അഭിനേതാവായ നേഹ തനിക്ക് ലഭിച്ച പുരസ്‌ക്കാരം തന്നെപ്പോലെ ജീവിതത്തില്‍ വെല്ലുവിളി നേരിടുന്നവര്‍ക്കാണ് സമര്‍പ്പിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതത്തെ ഏറെ ഗൗരവത്തോടെ അവതരിപ്പിച്ച 'മാധ്യമം' സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി അഭിജിത്തിന്റെ 'അന്തര'ത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ ഏറെ മികവോടെ അവതരിപ്പിച്ചാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപട്ടികയില്‍ ചരിത്രമെഴുതിയത്.
ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ട ജീവിതമായിരുന്നു നേഹയുടേത്. കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആവേളം അനുഭവിച്ച ജീവിതത്തിനൊടുവിലാണ് സ്വന്തം കാലില്‍ നില്‍ക്കാനായി നേഹ ചെന്നൈയിലെത്തിയത്. ചെന്നൈയിലെ തനിച്ചുള്ള ജീവിതത്തിനിടയില്‍ അഭിനയത്തിന്റെ വഴിയാണ് അവര്‍ തെരഞ്ഞെടുത്തത്. അഭിനയ ജീവിതത്തില്‍ താന്‍ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷമാണ് നേഹയ്ക്ക്.
കേരളത്തിനും മലയാളികള്‍ക്കും ഏറെ നന്ദിയെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം കാഷിഷ് മുബൈ ഇന്റര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമാണ് ജൂണ്‍ ഒന്നിന് 'അന്തരം'പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷവും നേഹ പങ്കുവെക്കുന്നു. മുംബൈയ്ക്ക് തിരക്കുന്നതിന് മുമ്ബായാണ് നേഹ കോഴിക്കോട്ടെത്തിയത്. അന്തരത്തിന്റെ ഷൂട്ടിങ് നടന്നതും കോഴിക്കോട്ടുവച്ചായിരുന്നു. ഏറെ സന്തോഷകരമായിരുന്നു ഷൂട്ടിങ് ദിനങ്ങളെന്ന് നേഹ പറഞ്ഞു. ഒരു കുടുംബം പോലെയായിരുന്ന എല്ലാവരും. ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞുപോകും നേരം വലിയ വിഷമമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിനിയും ട്രാന്‍സ്‌വുമണുമായ നേഹയുടെ ആദ്യ ഫീച്ചര്‍ ഫിലീമായിരുന്നു 'അന്തരം'.
ജീവിതയാത്രയില്‍ ഏതൊരു ട്രാന്‍സ് വ്യക്തിയെയും പോലും ഏറെ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് നേഹയും. നേഹയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ സാധിച്ചില്ല. അവരെല്ലാം അവരെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പിതാവ് വളരെ ദേഷ്യത്തോടെ തന്നെയായിരുന്നു പെരുമാറിയിരുന്നത്. തന്നെ തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ലെന്ന് വ്യക്തമായതോടെ ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് വര്‍ഷങ്ങളായി താമസം. നാട്ടിലേക്ക് പിന്നീട് മടങ്ങിപ്പോയിട്ടില്ല. പിതാവ് കുറച്ചു നാള്‍ മുമ്ബ് മരണപ്പെട്ടു. അമ്മയോട് ഇടയ്ക്ക് ഫോണില്‍ സംസാരിക്കും. പുരസ്‌ക്കാര വിവരം അറിയിക്കാനായി അമ്മയെ വിളിച്ചിരുന്നു. അമ്മയ്ക്ക് വലിയ സന്തോഷമായിട്ടുണ്ട്. പക്ഷെ തന്റെ കാര്യത്തില്‍ അവരിപ്പോഴും നിസ്സഹായയാണ്. നാടുമായി മറ്റു ബന്ധങ്ങളൊന്നും ഇപ്പോഴില്ലെന്നും നേഹ പറഞ്ഞു.
അഞ്ജലി എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ അഭിജിത്ത് പലരെയും അന്വേഷിച്ചു. അതിനിടയിലാണ് നേഹയുടെ ഫോട്ടോ കാണുന്നത്. തുടര്‍ന്ന് എറണാകുളത്ത് ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് സംവിധായകനെ നേരില്‍ കാണുന്നതെന്ന് നേഹ പറഞ്ഞു. അഞ്ജലി എന്ന കഥാപാത്രമാകാന്‍ സമ്മതമാണോ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ സന്തോഷവും ഒപ്പം ആശങ്കയും തോന്നി. ചില ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വലിയൊരു സിനിമയിലെ നായികാ വേഷത്തിലേക്ക് വിളിച്ചപ്പോള്‍ തനിക്കത് സാധിക്കുമോ എന്ന ആശങ്കയായിരുന്നു. എന്നാല്‍ തുടക്കത്തിലെ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ പിന്നീട് എല്ലാം ഓകെയായെന്നും നേഹ വ്യക്തമാക്കി.
കച്ചവട സിനിമാ ലോകം പരിഹാസ കഥാപാത്രങ്ങളോ സെക്‌സ് വര്‍ക്കര്‍മാരോ ആയി മാത്രമായിരുന്നു പലപ്പോഴും ട്രാന്‍സ് വിഭാഗത്തെ പരിഗണിച്ചിരുന്നത്. ഇപ്പോള്‍ അതിന് മാറ്റമുണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പുരുഷന്മാരാണ് ട്രാന്‍സ് കഥാപാത്രങ്ങള്‍ പലപ്പോഴും ചെയ്യുന്നത്. അഞ്ജലി അമീറിനെപ്പോലെ ചിലര്‍ക്ക് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷം ലഭിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ല. ട്രാന്‍സ് കമ്മ്യൂണിറ്റിയുമായി അടുത്ത് ഇടപഴകുന്ന സംവിധായകന് തന്റെ ചിത്രത്തില്‍ ട്രാന്‍സ് വ്യക്തി തന്നെ നായികയാവണമെന്ന് നിര്‍ബന്ധമായിരുന്നു.
ട്രാന്‍സ്ജന്‍ഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച ശേഷമുണ്ടായ താളപ്പിഴകളും മറ്റുമാണ് അന്തരം ചിത്രം പറയുന്നത്. ഒരു ട്രാന്‍സ് വുമണ്‍ ഒരു കുടുംബത്തിലേക്കെത്തിയാലുള്ള സാഹചര്യമാണ് ഏറെ ഗൗരവത്തോടെ ചിത്രം വരച്ചു കാട്ടുന്നത്. മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമെല്ലാം നിറഞ്ഞ 'അന്തരം'പ്രശസ്തമായ ജയ്പൂര്‍ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക്? തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രാന്‍സ് കഥാപാത്രങ്ങളില്‍ നിന്ന് മാറി നായികാ വേഷങ്ങള്‍ തന്നെ ചെയ്യണമെന്നാണ് നേഹയുടെ ആഗ്രഹം. തൃഷ നായികയായ ദ റോഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും ട്രാന്‍സ് കഥാപാത്രം തന്നെയാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് നിരവധി ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ചിത്രത്തിന്റെ സംവിധായകന്‍ പി അഭിജിത്ത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചിത്രം നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. കണ്ണന്‍നായരാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നക്ഷത്ര മനോജ്, എ രേവതി, എല്‍സി സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.
Stories you may Like
Post a Comment