തിരുവനന്തപുരം: എന്റെ സൂര്യപുത്രിക്ക്-ഫാസില്‍ ചിത്രം.അമ്മയെ തേടി ഇറങ്ങിയ ആ മകളുടെ കണ്ണുനീര്‍ മലയാളി ആ സിനിമയില്‍ തിരിച്ചറിഞ്ഞു.
അനാഥയായി വളര്‍ന്ന അവള്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച യുവാവ് മതാപിതാക്കളെ ചോദിച്ചതോടെ തുടങ്ങിയ അന്വേഷണം. ഫാസില്‍ പറഞ്ഞ കഥ മലയാളിയുടെ നൊമ്ബരമായി. ഇപ്പോഴിതാ ഇതിന് വിപരീത ദിശയില്‍ മറ്റൊരു യഥാര്‍ത്ഥ സംഭവം. ഇവിടെ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി തേടുന്നത് സ്വന്തം അച്ഛനെയാണ്.
ജീവിതം കഥയെക്കാള്‍ സങ്കീര്‍ണമായിമാറിയ തിരുവനന്തപുരം പെരുന്താന്നി സ്വദേശിയായ പെണ്‍കുട്ടിയുടെ സങ്കടമുഖമാണിത്. കല്യാണം കഴിക്കാന്‍ പോകുന്ന ആളിന്റെ നിര്‍ബന്ധമല്ല ഈ അന്വേഷണത്തിന് പിന്നില്‍. അതിലുപരി സ്വന്തം അച്ഛനെ ഒന്നു കാണാനുള്ള വെറുമൊരു മോഹം. ഭാവി വരനും പെരുന്താന്നിയിലെ ഡോക്ടര്‍ക്കൊപ്പമുണ്ട്. അങ്ങനെ ആ അന്വേഷണം തുടങ്ങുകയാണ്. അമ്മ രണ്ടാമത് വിവാഹം കഴിച്ചയാളായിരുന്നു ഇതുവരെ ഈ പെണ്‍കുട്ടിക്ക് അച്ഛന്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ അച്ഛന്‍. യാദൃശ്ചികമായാണ് സത്യം കല്യാണം ഉറപ്പിച്ചപ്പോള്‍ആ കുട്ടി അറിയുന്നത്.
എം.ബി.ബി.എസ്. ഡോക്ടറായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 26 വയസ്സ്. അവളുടെ വിവാഹം ഉറപ്പിച്ചു. അപ്പോഴാണ് യഥാര്‍ഥ അച്ഛന്‍ മറ്റൊരാളാണെന്ന വിവരം പെണ്‍കുട്ടിയുടെ അമ്മ, മകളെയും കല്യാണം കഴിക്കാന്‍പോകുന്നയാളുടെ വീട്ടുകാരെയും അറിയിച്ചത്. അതു കേട്ട് മകളും ഞെട്ടി. ഭാവിയില്‍ ഇത് മറ്റ് പ്രശ്‌നം ആകാതിരിക്കാനായിരുന്നു അമ്മ ആ സത്യം പറഞ്ഞത്. അതുവരെ കുട്ടിക്ക് രണ്ടാനച്ഛനാണ് തന്നെ വാല്‍സല്യത്തോടെ നോക്കിയതെന്ന് പോലും അറിയില്ലായിരുന്നു. അതായിരുന്നു സ്‌നേഹം.
അച്ഛന്‍ മറ്റൊരാളാണെന്ന് അറിഞ്ഞിട്ടും രണ്ടാനച്ഛനോടുള്ള സ്‌നേഹത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടായില്ല. എന്നാല്‍, ജന്മംനല്‍കിയ അച്ഛനെ ഒന്നു കാണണം. പ്രതിശ്രുതവരനും ഇക്കാര്യത്തില്‍ ഒപ്പമുണ്ട്. രണ്ടരപ്പതിറ്റാണ്ടുമുമ്ബ് വിട്ടുപോയ അച്ഛനെ തേടുകയാണ് മകള്‍. ചെന്നൈ ഇന്ത്യാ മീറ്റേഴ്സില്‍ എന്‍ജിനിയറായി ജോലിചെയ്യുമ്ബോള്‍ 1995-ലായിരുന്നു പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കുന്നത്. 96-ല്‍ മകള്‍ പിറന്നു. 99-ല്‍ ഇവര്‍ ബന്ധം പിരിഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. രണ്ടാനച്ഛനായെത്തിയ ആള്‍ പെണ്‍കുട്ടിക്ക് സ്വന്തം അച്ഛനായി മാറി.
പാല്‍ക്കുളങ്ങര കവറടിയിലുള്ള അച്ഛന്റെ പഴയവിലാസത്തിലേക്ക് പലതവണ കത്തുകളയച്ചെങ്കിലും കൈപ്പറ്റാതെ മടങ്ങി. അബുദാബിയില്‍ എന്‍ജിനിയറായി ജോലിചെയ്യുകയാണ് എന്നൊരു വിവരം ലഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ല. കൊല്ലം പരവൂര്‍ ഭാഗത്ത് കുടുംബത്തോടൊപ്പം താമസിക്കുകയാണ് എന്നും പറയുന്നു. പക്ഷേ ഇതെല്ലാം അഭ്യൂഹം മാത്രമാണ്. അച്ഛനെ കണ്ടെത്താന്‍ മകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
കോളേജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരത്തുനിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിച്ചിറങ്ങിയയാളാണ് കുട്ടിയുടെ അച്ഛന്‍. പഠിക്കുമ്ബോള്‍ അദ്ദേഹം കോളേജിലെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ ഓര്‍ക്കുന്നു. 99-ല്‍ അവിടെ ഗസ്റ്റ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിവാഹത്തിനുമുമ്ബ്, 'മകളേ' എന്നുവിളിച്ച് ഒരു ഫോണ്‍കോളെങ്കിലും വരുമെന്നാണ് ഡോക്ടറുടെ പ്രതീക്ഷ. അതിന് വേണ്ടിയാണ് തന്റെ കഥ വാര്‍ത്ത പോലുമാക്കുന്നത്.
Post a Comment