കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്(53) സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു.
ചൊവ്വാഴ്‌ച കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്‌ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അവസാന പരിപാടിയുടെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ 10 മണിക്കൂര്‍ മുന്‍പ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.
കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു കെ.കെ. ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
1999ല്‍ ആദ്യ മ്യൂസിക് ആല്‍ബമായ 'പല്‍' സോളോ സ്‌ക്രീന്‍ ആല്‍ബത്തിനുളള സ്‌റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് നേടി.അന്ന് കൗമാരക്കാര്‍ക്കിടയില്‍ വലിയ തരംഗമാണ് ഈ ആല്‍ബം സൃഷ്‌ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചലച്ചിത്രതാരം അക്ഷയ് കുമാര്‍, ക്രിക്കറ്റ് ഇതിഹാസം വിരേന്ദര്‍ സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖര്‍ കെകെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അര്‍പ്പിച്ചു.
ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ. കുന്നത്ത് നകുല്‍, കുന്നത്ത് താമര എന്നിവര്‍ മക്കളാണ്.
Post a Comment