ചെന്നൈ: () പ്രഥമവിവര റിപോര്‍ട് (FIR) പ്രകാരം ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന ഒരാള്‍ക്ക് പാസ്പോര്‍ട് നല്‍കുന്നതിന് തടസമില്ലെന്ന് മദ്രാസ് ഹൈകോടതി.

ട്രിചി സ്വദേശിയായ ശെയ്ഖ് അബ്ദുല്ല എന്നയാള്‍ നല്‍കിയ കേസ് പരിഗണിക്കുമ്ബോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മലേഷ്യയില്‍ ബിസിനസ് നടത്തുകയാണ് ശെയ്ഖ് അബ്ദുല്ല. പാസ്പോര്‍ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ പുതിയ പാസ്പോര്‍ടിനായി മലേഷ്യയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ അപേക്ഷിച്ചു. എന്നാല്‍ 2017ലും 2018ലും ട്രിചിയിലായിരുന്നപ്പോള്‍ ചില ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് മലേഷ്യയിലെ ഇന്‍ഡ്യന്‍ എംബസി അദ്ദേഹത്തിന് പാസ്‌പോര്‍ട് നല്‍കാന്‍ വിസമ്മതിച്ചു.

ഈ ഉത്തരവിനെതിരെയാണ് തനിക്ക് പാസ്പോര്‍ട് നല്‍കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ശെയ്ഖ് അബ്ദുല്ല ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസില്‍ പ്രഥമവിവര റിപോര്‍ട് സമര്‍പിക്കുകയും ചെയ്താല്‍ പാസ്പോര്‍ട് നല്‍കുന്നതിന് തടസ്സമില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.

കേസില്‍ അന്തിമ റിപോര്‍ട് സമര്‍പിക്കേണ്ട അവസ്ഥയില്‍ മാത്രമേ പാസ്‌പോര്‍ട് നല്‍കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമുള്ളുവെന്നും ഇന്‍ഡ്യ വിടണമെങ്കില്‍ മാത്രം പാസ്‌പോര്‍ട് നല്‍കാന്‍ കോടതിയുടെ അനുമതി വേണമെന്നും ജഡ്ജ് തന്റെ വിധിയില്‍ പറഞ്ഞു. എന്നാല്‍, ഇന്‍ഡ്യയില്‍ വരുന്നതിനായി പാസ്‌പോര്‍ടിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പാസ്‌പോര്‍ടിനായി മലേഷ്യയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ വീണ്ടും അപേക്ഷിക്കാന്‍ ഹരജിക്കാരനോട് നിര്‍ദേശിച്ച കോടതി ഉടന്‍ പാസ്‌പോര്‍ട് നല്‍കാന്‍ എംബസിയോട് ഉത്തരവിട്ടു.

Post a Comment