കൊച്ചി: സ്വപ്‌നാ സുരേഷിന് സുരക്ഷാ ഭടന്മാരെ നിയോഗിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി അടുപ്പമുള്ള പരിവാര്‍ നേതാവിന്റെ ഇടപെടല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവേഗ കേരള സന്ദര്‍ശനവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 21ന് മോദിയെ കേരളത്തില്‍ എത്തിക്കുന്നതിന് പിന്നിലും ചരടു വലിച്ചതും ഈ യുവ പരിവാര്‍ നേതാവാണ്. സ്വപ്‌നാ സുരേഷിന്റെ മൊഴിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോളിളക്കവുമെല്ലാം കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മോദി കേരളത്തിലേക്ക് എത്തിയാല്‍ സ്വര്‍ണ്ണ കടത്ത് കേസില്‍ എന്തു പറയുമെന്നതും നിര്‍ണ്ണായകമാണ്. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപിയുടെ രാഷ്ട്രീയ പരിപാടികളിലും മോദി പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ മോദി കേരളത്തില്‍ എത്തുന്നതിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും കേരളാ പൊലീസിന് കിട്ടിയിട്ടുമില്ല.

സ്വര്‍ണ്ണ കടത്തിലെ സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പരിവാര്‍ ബന്ധമുള്ള വിശ്വസ്തനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയോഗിച്ചതും നിര്‍ണ്ണായകമായ നീക്കങ്ങള്‍ക്ക് വേണ്ടിയാണ്. സ്വപ്നാ സുരേഷിനെതിരായ പുതിയ കേസ് റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി നിരസിച്ചാല്‍ അപ്പീലുമായി സുപ്രീംകോടതിയിലും എത്തും. ഈ കേസിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയര്‍ന്ന ആക്ഷേപവും ദേശീയ തലത്തിലേക്ക് എത്തിക്കാന്‍ മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണഅ വിലയിരുത്തല്‍.

ഇഡിയും സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൊഴിയില്‍ ആരോപണ നിഴലില്‍ നില്‍ക്കുന്നവരെ എല്ലാം ചോദ്യം ചെയ്യും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയേയും മകളേയും ചോദ്യം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ മൊഴിയും രേഖപ്പെടുത്തും. സത്യം മാത്രം പറയുന്ന നളിനി നെറ്റോയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. അതിവേഗ ചോദ്യം ചെയ്യലുകള്‍ കേസില്‍ ഉണ്ടാകില്ലെന്നും സൂചനകളുണ്ട്.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ യു.എ.ഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബിയുടെ ബാഗില്‍ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈല്‍ ഫോണുകളില്‍ നിന്നും രണ്ട് പെന്‍ഡ്രൈവുകളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം, ഡോളര്‍ കടത്തിലെ നിര്‍ണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാര്‍ശയില്‍ അയോഗ്യര്‍ക്ക് വിസ നല്‍കിയതിനടക്കം ഈ മൊബൈലുകളില്‍ തെളിവുണ്ട്. മൂന്നു വര്‍ഷത്തിനിടെ അല്‍-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകള്‍. ഇടയ്ക്കിടെ ഫോണ്‍ മാറുന്ന പതിവ് അല്‍ സാബിക്കുണ്ടായിരുന്നു. ഡോളര്‍ കടത്തിലെ രേഖകളടക്കം പെന്‍ഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

ബിജെപിയും അതിശക്തമായ പ്രതിഷേധമാണ് സ്വര്‍ണ്ണ കടത്തില്‍ നടത്തുന്നത്. : മുഖ്യമന്ത്രി പിണറായി വിജയന്റ കറുപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച്‌ തലസ്ഥാനത്ത് മഹിളാമോര്‍ച്ചാ ഇന്നും പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കറുത്ത സാരിയും മാസ്‌കും ധരിച്ച്‌ ക്ലിഫ് ഹൗസിന് മുന്നിലായിട്ടായിരുന്നു മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്‌. സംഭവത്തില്‍ നാല് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് മുഖ്യമന്ത്രിയെ കടത്തിവിട്ടത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്താണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കൂടാതെ മുഖ്യമന്ത്രിക്ക് നേരെ ഇവര്‍ കരിങ്കൊടിയും ഉയര്‍ത്തി. ഇതോടെ പത്തോളം മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കറുപ്പ് മാസ്‌ക് നിരോധനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ ജന്മനാട്ടില്‍ ഉള്‍പ്പടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പൊതുപരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് മുന്‍ ദിവസങ്ങളിലേപോലെ തന്നെ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ക്രമസമാധാനത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശങ്കകളുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. സിപിഎമ്മുകാര്‍ കൂടി പ്രതിഷേധത്തിന് ഇറങ്ങി അക്രമം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇതെല്ലാം.

സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡിഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇരുവരും മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകും. സ്വകാര്യ ഏജന്‍സിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇതിന് പിന്നില്‍ കേന്ദ്ര ബിജെപിയുടെ ഇടപെടലാണെന്നാണ് സൂചന.

Stories you may Like

Post a Comment