ആലപ്പുഴ: മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി ജയരാജന്‍.സുധാകരന്‍റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമം നടന്നത്. വിമാനത്തില്‍ സുരക്ഷാ ഭടന്‍റെ കയ്യില്‍ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയിലും വഴിയില്‍ ഉടനീളവും കര്‍ശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇ എം എസ് അക്കാദമിയിലെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

ഇന്നത്തെ ആദ്യ പരിപാടി നടക്കുന്ന വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയിലേക്ക് പോകുന്നതിനായി ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ കറുത്ത സാരി ഉടുത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പൊലീസ് ഏറെ പണിപ്പെട്ടാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. 10 ലധികം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Post a Comment