തിരുവനന്തപുരം: കെ-റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍.ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ജയരാജന്‍ ട്രെയിനില്‍ കണ്ണൂരേക്ക് തിരിച്ചു. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

താന്‍ ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് ജയരാജന്‍ വിലക്കിന് പിന്നാലെ പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് തിരിച്ചത്.

ഇന്ന് വിമാനത്തില്‍ കണ്ണൂരിലേക്ക് തിരിച്ചതാണെന്നും ടിക്കറ്റ് പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ വളരെ മോശം നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുക. ശരിയായ നിലപാട് സ്വീകരിച്ചവരെ യാത്ര ചെയ്യുന്നത് വിലക്കുക. അത് തെറ്റായ തീരുമാനമാണ്.

ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരാളല്ലേ. ഇടക്കാലത്ത് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനസൗകര്യം ആയപ്പോള്‍ അതിലേക്ക് മാറി. ലോകത്ത് ഇവര്‍ മാത്രമാണോ വിമാനസര്‍വിസ് ഉള്ളത്. നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകുന്ന എത്ര വിമാന സര്‍വിസ് ഉണ്ട്.

യാത്രാ സമയത്ത് ഉറക്കം ട്രെയിനിലാകും. അപ്പോള്‍ വേറെ പ്രശ്നമില്ല. കെ-റെയില്‍ വന്നാല്‍ വളരെ വളരെ സൗകര്യമാകും. ഈ ഇന്‍ഡിഗോയുടെ ഒക്കെ ആപ്പീസ് പൂട്ടും -ഇ.പി. ജയരാജന്‍ പറഞ്ഞു.

ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി.

ഇന്‍ഡിഗോ ഏവിയേഷന്‍ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തതെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും വിമാന കമ്ബനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒമ്ബതിന് ഇന്‍ഡിഗോ കമ്ബനിയില്‍നിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു. 12ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.

അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്‍ഡിഗോ കമ്ബനിയുടെ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്ബനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാര്‍ഡ് നല്‍കേണ്ടതാണ്. അവര്‍ക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്.

താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തില്‍ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment