നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയതുമുതല്‍ ഏവരും ആകാക്ഷയോടെയാണ് കാര്യങ്ങള്‍ നോക്കിക്കണ്ടത്.ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അധികം വൈകാതെ തന്നെ ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു. പക്ഷേ കോടതിക്കുള്ളില്‍ അതിശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്നുണ്ടായത്. അതിജീവിതയുടെ മൊഴിയടക്കം ചൂണ്ടികാട്ടി ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ശക്തമായി വാദിച്ചപ്പോള്‍ നടന്‍ അടക്കം പുറത്തിറങ്ങിയിട്ടും അഞ്ച് വര്‍ഷമായി സുനി മാത്രം ജയിലിലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഏറ്റവും ഒടുവില്‍ അതീവഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. എന്തൊക്കെയാണ് ഇന്ന് സുപ്രീം കോടതിയില്‍ നടന്നതെന്ന് നോക്കാം.

അതിജീവിതയുടെ മൊഴി ചൂണ്ടികാട്ടി, ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത് അതിശക്തമായ വാദങ്ങളായിരുന്നു. പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പൊലീസിലും കോടതിയിലും അതിജീവിത കൃത്യമായ മൊഴി സുനിക്കെതിരെ നല്‍കിയിട്ടുണ്ട്. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സുനി മൊബൈലില്‍ പകര്‍ത്തി. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ നടപടി കുറ്റകരമാണെന്നും സംസ്ഥാന സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കര്‍ രാജയും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ശാസ്ത്രീയ പരിശോധനാ ഫലം

നടന്‍ പുറത്ത്, അഞ്ചര വര്‍ഷമായി ഞാന്‍ ജയിലിലെന്ന് സുനിയുടെ വാദം

അതേസമയം മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും അഞ്ചരവര്‍ഷമായി സുനി ജയിലാണെന്നായിരുന്നു പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചത്. ക്വട്ടേഷന്‍ നല്‍കിയ നടന്‍ വരെ പുറത്തിറങ്ങി. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകരായ ശ്രീറാം പ്രാക്കാട്ട്, സതീഷ് മോഹനന്‍ എന്നിവര്‍ പള്‍സര്‍ സുനിക്കുവേണ്ടി വാദിച്ചു.

അരോപണം അതീവ ഗുരുതരം, ജാമ്യമില്ലെന്ന് സുപ്രീംകോടതി

എന്നാല്‍ പള്‍സര്‍ സുനി അതീവ ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയാണെന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എതിരായ ആരോപണങ്ങളില്‍ അതീജീവിത ഉറച്ച്‌ നില്‍ക്കുയാണെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേസമയം വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ പള്‍സര്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നും കോടതിയെ അറിയിച്ചു.

പള്‍സര്‍ സുനിയുടെ ജാമ്യേപക്ഷ സുപ്രീംകോടതി തള്ളി,അന്വേഷണം നടക്കുമ്ബോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് കോടതി

Post a Comment