കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രമഴിപ്പിച്ച്‌ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ മകള്‍ നേരിടേണ്ടി വന്ന ദുരനുഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ച്‌ പരാതിക്കാരിയുടെ അച്ഛന്‍.ഇത്തവണ പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ മകള്‍ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛന്‍ പറഞ്ഞു. വിതുമ്ബി കരഞ്ഞുകൊണ്ടാണ് അച്ഛന്‍ പ്രതികരിച്ചത്. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

'കഴിഞ്ഞ വര്‍ഷം ഈ പരീക്ഷ എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങള്‍ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റല്‍ ഡിടക്ടര്‍ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോള്‍ ബീപ് സൗണ്ട് ഉണ്ടായി. അപ്പോള്‍ മകള്‍ പറഞ്ഞപ്പോള്‍ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവര്‍ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. വസ്ത്രം മാറ്റാന്‍ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്.

ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്. പല കുട്ടികളും അഴിച്ച്‌ മാറ്റാന്‍ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു. ചില കുട്ടികള്‍ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെയും നില്‍കുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകള്‍ ധരിച്ചിരുന്നത്. രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. ഹാളില്‍ പുരുഷന്മാരായിരുന്നു ഇന്‍വിജിലേറ്റേഴ്സ്. പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്'- അച്ഛന്‍ വെളിപ്പെടുത്തി.

മറ്റൊരു പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞത് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയെ പെണ്‍കുട്ടി മുറിയടച്ച്‌ ഇരിക്കുകയാണെന്നും, അമ്മ പുറത്ത് കാവലിരിക്കുകയാണെന്നുമാണ്.

സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

'നാഷണല്‍ ടെറ്റിങ് ഏജന്‍സി ഓള്‍ ഇന്ത്യാ ലെവലില്‍ നടത്തുന്ന പരീക്ഷയാണിത്. അവര്‍ക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തില്‍ കോളജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യല്‍സ് ആണ് പരീക്ഷ നടത്താനെത്തിയത്. അവര്‍ക്ക് മാത്രമാണ് ഇതില്‍ പൂര്‍ണ ഉത്തരവാദിത്തം. കോളജിന് ഇക്കാര്യത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ രംഗത്തെത്തി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മിഷന്‍ കാണുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാര്‍ത്ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

'പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിനിടെയാണ് ഈ ദുരനുഭവമുണ്ടായത്. പരീക്ഷ എഴുതാനെത്തുമ്ബോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് . ആ സമ്മര്‍ദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാര്‍ത്ഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്തത്.

ഒരുകാരണവശാലും നമ്മുടെ സംസ്ഥാനത്ത് ഇതനുവദിച്ച്‌ കൊടുക്കില്ല. വനിതാ കമ്മിഷന്‍ സ്വമേധയാ വിഷയത്തില്‍ കേസെടുക്കും. പരാതിയുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിധ നിയമ സഹായവും മാനസിക പിന്തുണയും നല്‍കാന്‍ കമ്മിഷന്‍ ഒപ്പമുണ്ടാകും'. ഷാഹിദ കമാല്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്.

മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തില്‍ വച്ച്‌ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.


Stories you may Like

Post a Comment