കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപകീർത്തിപെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയ സംഭവത്തിൽ ഷോൺ ജോർജിന് കുരുക്ക്. കേസിൽ ഷോണിനെ നാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ഷോണിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.



'ദിലീപിന്റെ പൂട്ടണം' എന്ന പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിന്റെ ആദ്യ ഭാര്യ കൂടിയായ മഞ്ജു വാര്യർ, ഡിജിപി ബി സന്ധ്യ, അതിജീവിതയുടെ അഭിഭാഷക ടിബി മിനി, മാധ്യമപ്രവർത്തകരായ എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, സംവിധാകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു എന്നിവരുടെ പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് തുടങ്ങിയത്.



കേസിൽ ദിലീപിന്റെ അനിയൻ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വ്യാജ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഫോണിൽ നിന്നും ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ട് ഷോൺ ജോർജ് എന്നയാളുടെ പേരിൽ നിന്നും അനൂപിന്റെ ഫോണിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തുകയായിരുന്നു.



സംഭവത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഷോൺ ജോർജിന്റെ ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഷോൺ അനൂപിന് സ്ക്രീൻ ഷോർട്ട് അയച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്.



ഷോണിന്റെ ഐഫോണിൽ നിന്നാണ് മെസേജ് വന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ പരിശോധനയിൽ ഫോൺ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ഈ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.



അതേസമയം പരിശോധനയിൽ ഷോണിന്റെ വീട്ടിൽ നിന്നും ചില ഫോണുകളും, ഐപാഡും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്പിന്നാലെയാണ് ഇപ്പോൾ ഷോണിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഷോൺ ജോർജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


കഴിഞ്ഞ ദിവസം വ്യാജ ചാറ്റ് താൻ അല്ല സൃഷ്ടിച്ചതെന്ന വിശദീകരണവുമായി ഷോൺ രംഗത്തെത്തിയിരുന്നു. ദിലീപുമായി നല്ല ബന്ധമാണെന്നും നിരവധി ചാറ്റുകൾ ദിലീപിന് താൻ അയച്ച് നൽകിയിട്ടുണ്ടെന്നുമായിരുന്നു ഷോൺ വിശദീകരിച്ചത്. 'പോലീസ് പറയുന്ന വ്യാജ ചാറ്റ് താൻ കണ്ടിരുന്നു. പലതും അയച്ച കൂട്ടത്തിൽ അതും ദിലീപിന്റെ സഹോദരനും അഭിഭാഷകനും താൻ അയച്ച് കൊടുത്തിരിക്കാമെന്നുമായിരുന്നു ഷോൺ വ്യക്തമാക്കിയത്.


ഒരു അഭിഭാഷകന്‍ കൂടിയായ താന്‍ ദിലീപിനെതിരെ പ്രവർത്തിക്കുന്നവരെന്ന നിലയിൽ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കാൻ അത്ര മണ്ടനല്ലെന്നും ഷോൺ പറഞ്ഞിരുന്നു. 'ദിലീപിന്റെ സഹോദരൻ അനൂപുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അനൂപുമായി ബന്ധപ്പെട്ടതെന്നും ഷോൺ പറഞ്ഞിരുന്നു. ദിലീപിന് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു ബന്ധവുമില്ലെന്നും ഷോൺ ആവർത്തിച്ചിരുന്നു.


അതേസമയം ജുഡീഷ്യൽ സംവിധാനങ്ങളെ സ്വാധീനിക്കാനായിരിക്കാം ഇത്തരത്തിൽ വ്യാജ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ടാകുകയെന്നായിരുന്നു പരാതിക്കാരനായ ബൈജു കൊട്ടാരക്കര പ്രതികരിച്ചത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Post a Comment