v>കൊച്ചി: യൂടൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസി, അഭിമുഖം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ നിർണായക പരിശോധന നടത്തി കൊച്ചി പൊലീസ്. കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ലഹരി പരിശോധനക്ക് വിധേയനാക്കി. നടന്‍റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയടക്കം ശേഖരിച്ചാണ് പൊലീസ് പരിശോധനക്ക് അയച്ചത്. പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തലാണ് പ്രഥമ ലക്ഷ്യം. ഇതിനായി നടന്‍റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെയെല്ലാം സാമ്പിൾ പൊലീസ് സ്വമേധയാ ശേഖരിക്കുകയായിരുന്നു. സിനിമ രംഗത്ത് നിന്ന് തന്നെ മുമ്പുണ്ടായ പരാതികളിൽ ലഹരി പരിശോധന നടത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ ഉണ്ടാകുമെന്ന ശാസ്ത്രീയ വശം കണക്കിലെടുത്തുള്ളതാണ് പരിശോധന എന്നതിനാൽ ഇത് കേസിൽ നിർണായകമാകും.

അതേസമയം അവതാരകയുടെ പരാതിയിൽ സിനിമ രംഗത്ത് ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷം നിർമാതാക്കളുടെ സംഘടനയാണ് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ച നടപടി കൈകൊണ്ടത്. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചു. നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ച യൂടൂബ് ചാനൽ അവതാരക നിർമാതാക്കളുടെ സംഘടനയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേർന്നാണ് തീരുമാനം എടുത്തത്.

പരാതിക്കാരി , ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം വിവാദ അഭിമുഖം നടന്ന ദിവസം കൊച്ചിയിലെ ഹോട്ടലിൽ ഉണ്ടായിരുന്നവരെയും യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എല്ലാവരുടെയും വിശദീകരണം കേട്ടശേഷമാണ് നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം എടുത്തത്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്രീനാഥ് ഭാസി പൂർത്തിയാക്കണമെന്ന് വിലക്ക് നടപടി വിശദീകരിച്ച ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം വിലക്ക് വീണതോടെ ശ്രീനാഥ് ഭാസിയുമൊത്ത് ചിത്രീകരണത്തിനൊരുങ്ങിയിരുന്ന സിനിമകൾ പ്രതിസന്ധിയിലായി. നേരത്തെ നിർമാതാവുമായുള്ള തർക്കത്തിന്‍റെ പേരിൽ യുവതാരം ഷെയിൻ നിഗത്തെയും നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു.

Post a Comment