കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാൻ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസത്തിൽ. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത കഥകളിൽ ഒളിഞ്ഞിരുന്ന ചെമ്പ് പൊലീസ് പുറത്തുകൊണ്ടുവന്നു. ഒടുവിൽ വിങ്ങിപ്പൊട്ടി ഗ്രീഷ്മ കുറ്റം സമ്മതിച്ചു.
ഗ്രീഷ്മയെ കുടുക്കുന്നതിന് പൊലീസിന് ഏറ്റവും തുണയായത് മൂന്നു മൊഴികളാണ്.
1. ജൂസും കഷായവും കുടിച്ച ഷാരോൺ പച്ചനിറത്തിൽ ഛർദ്ദിച്ചത് കോപ്പർ സൾഫൈറ്റ് ഉള്ളിൽ ചെന്നതുകൊണ്ടാമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനഫലം വരുന്നതിന് മുൻപ് തന്നെ ഫോറൻസിക് വിദഗ്ധൻ മൊഴി പൊലീസിന് വഴിവിളക്കായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയായ കാപിക്വിന്റെ കുപ്പി കണ്ടെത്തിയത്.
2. കഷായം കുറിച്ചുനൽകിയെന്ന് ഷാരോൺ അവകാശപ്പെട്ട ആയൂർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളഞ്ഞത് നിർണായകമായ രണ്ടാമത്തെ മൊഴിയായി.
3. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത് പൊലീസിന് ലഭിച്ച മൂന്നാമത്തെ തുറപ്പുചീറ്റായി.
കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംക്കറക്കിയ ഗ്രീഷ്മയെ സ്വന്തം മൊഴികളിലെ വൈരുദ്ധ്യത്തിൽ പിടിച്ചു പൊലീസ് കുടഞ്ഞു. പൊളിഞ്ഞ നുണകളുടെ നീണ്ടനിര ഇങ്ങനെ പോകുന്നു.
1. ഷാരോണിന്റെ ചികിൽസയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന് സഹോദരൻ ഷിമോൻ ആവർത്തിച്ച് ചോദിച്ചപ്പോഴും മറച്ചുവച്ചു.
2. കഷായക്കുപ്പിയുടെ അടപ്പിലെ ബാച്ച് നമ്പർ ചോദിച്ചപ്പോൾ കുപ്പി കഴുകിയത് മൂലം സ്റ്റിക്കർ പോയെന്ന് പറഞ്ഞത്.
3. അമ്മ ഗ്ളാസിൽ തനിക്കായി ഒഴിച്ചുവച്ച കഷായമാണ് ഷാരോണിന് നൽകിയതെന്ന വാട്സാപ്പ് സന്ദേശം.
4. കഷായ കുപ്പി ആക്രിക്കടക്കാർക്ക് കൊടുത്തെന്ന് മൊഴി.
5. ഷാരോൺ ഛർദ്ദിച്ചത് ജൂസ് പഴകിയത് കൊണ്ടാകാമെന്ന വാട്സാപ്പ് സന്ദേശം.
ഇത്രയും ആയപ്പോൾ ഗ്രീഷ്മ പൊട്ടിക്കരഞ്ഞു. കുറ്റം സമ്മതിച്ചു. പക്ഷെ കുറ്റകൃത്യത്തിൽ മറ്റ് ആർക്കും പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾക്ക് ബലം നൽകുന്ന തെളിവുകൾ ശേഖരിക്കുന്നതിലേക്കാണ് പൊലീസ് അടുത്ത ചുവടുവയ്പ്.
Post a Comment