ഷാരോൺ വധക്കേസിൽ പെൺസുഹൃത്ത് ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളിൽ. ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് ഏറ്റവും സഹായകരമായത് കഷായം കുറിച്ച് നൽകിയെന്ന പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെ മൊഴികൾ. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാൻ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസത്തിൽ. കഷായം കുറിച്ചുനൽകിയെന്ന് ഷാരോൺ അവകാശപ്പെട്ട ആയൂർവേദ ഡോക്ടർ അരുൺ അത് തള്ളിയതാണ് കേസിൽ നിർണായകമായത്. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത് അന്വേഷണസംഘത്തിന് കാര്യങ്ങൾ എളുപ്പമാക്കി. 
>
ഷാരോൺ ആശുപത്രിയിൽ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംക്കറക്കിയ ഗ്രീഷ്മ നുണകൾ ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ സ്വന്തം മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ആയുധമാക്കി. ഷാരോന്റെ ചികിൽസയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരൻ ഷിമോൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനുള്ള വ്യക്തമായ കാരണം ഗ്രീഷ്മയ്ക്ക് ബോധ്യപ്പെടുത്താനായില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോൻ പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് നൽകിയതെന്നുമാണ് ഗ്രീഷ്മ ഫോണിൽ പറഞ്ഞത്. എന്നാൽ, കുപ്പി ആക്രിക്ക് കൊടുത്ത് എന്നായിരുന്നു ആദ്യം പൊലീസിന് നൽകിയ മൊഴി. ഇങ്ങനെ സ്വന്തം മൊഴികളിലെ വൈരുദ്ധ്യത്തിൽ വീണ ഗ്രീഷ്മയെ തെളിവുകൾ കൂടി ശേഖരിച്ച് കുടുക്കാൻ പൊലീസിന്റെ അടുത്ത നീക്കം.

Post a Comment