ഡീഡ്രെ ഫാഗന്റെ ഭർത്താവ് ബോബിന് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) എന്ന അസുഖമായിരുന്നു. തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും നാഡീകോശങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ഇതെന്നും ഗുരുതരമാണ് എന്നും അറിഞ്ഞപ്പോൾ ഡീഡ്രെ ഫാഗന്റെ ഹൃദയം തകർന്നുപോയി. വെറും 43 -ാമത്തെ വയസിലാണ് ബോബിന് അസുഖം തിരിച്ചറിയപ്പെടുന്നതും ജീവിക്കാൻ ഇനി വെറും ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂ എന്ന് അറിയുന്നതും. ഫാഗന്റെ മൂന്നാമത്തെ ഭർത്താവായിരുന്നു ബോബ്. പക്ഷേ, അവൾ തന്റെ ട്രൂ ലവ് എന്നാണ് ബോബിനെ വിശേഷിപ്പിച്ചത്.
അതിനാൽ തന്നെ ബോബിന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ അവൾ തകർന്നു പോയി. ഓരോ ദിവസവും മദ്യപിച്ചും സിഗരറ്റ് വലിച്ചും കരഞ്ഞുകൊണ്ട് അവൾ തന്റെ ദിവസങ്ങൾ കഴിച്ചുകൂട്ടി. ബോബിന്റെ അവസ്ഥ ഓരോ ദിവസവും മോശം മോശമായി വന്നു. അവസാനം ബോബാണ് ഫാഗനോട് പറയുന്നത് അവൾ ഒരു പുതിയ കൂട്ട് കണ്ടെത്തണം എന്ന്. തനിച്ച് ജീവിക്കുന്നതിനേക്കാൾ ഒരാളുടെ കൂടെ ജിവിക്കുന്നത് നിനക്ക് എന്ത് സന്തോഷമാണ് എന്ന് തനിക്കറിയാം. അവൾക്കും കുട്ടികൾക്കും വേണ്ടി ഒരാളെ കണ്ടെത്തണം എന്ന് ബോബ് ഫാഗനോട് പറഞ്ഞു.
അങ്ങനെയാണ് സഹപ്രവർത്തകൻ ഡേവുമായി അവൾ അടുക്കുന്നത്. ഡേവ് അവളുടെ വീട്ടിലെത്തുകയും ബോബുമായും സൗഹൃദത്തിലാവുകയും ചെയ്തു. ബോബ് അസൂയപ്പെടുന്നതിന് പകരം ഭാര്യയുടേയും സഹപ്രവർത്തകന്റെയും പ്രണയത്തെ പ്രോത്സാഹിപ്പിച്ചു. ഡേവിനാവട്ടെ ഫാഗന് ഭർത്താവ് ബോബിനോട് എത്രമാത്രം ആഴത്തിൽ സ്നേഹം ഉണ്ട് എന്നും അറിയാമായിരുന്നു. ഡേവ് പറയുന്നത് അതാണ് തന്നെ അവളിലേക്ക് കൂടുതൽ ആകർഷിച്ചത് എന്നാണ്.
ഒടുവിൽ ബോബിന്റെ അവസ്ഥ വളരെ മോശമായി. അദ്ദേഹത്തിന്റെ അവസാന നിമിഷത്തിൽ ബോബും ആ മുറിയിൽ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. ഫാഗന്റെയും ബോബിന്റെയും മകനാണ് ഡേവിനോടും ആ സമയത്ത് അവിടെ ഉണ്ടാവണം എന്ന് പറയുന്നത്. ബോബ് മരിച്ച ശേഷവും ഡേവ് അവിടെ ചെല്ലുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട്, അവരിരുവരും വിവാഹിതരായി.
'ബോബ് ആണ് എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയം, ഡേവ് രണ്ടാമത്തേതാണ്' എന്ന് ഫാഗൻ പറയുന്നു.
Post a Comment