തിരുവനന്തപുരം: പാനീയം ഉള്ളില്‍ച്ചെന്ന് പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് പെൺകുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി എം.എ. വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മയാണ് പ്രതി.

കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഡിവൈഎസ്പി ജോണ്‍സണ്‍, എഎസ്പി സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.

ഗ്രീഷ്മ, അച്ഛൻ, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30യോടെ മൊഴി നൽകാനായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുയാണ്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഗ്രീഷ്മയെ സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.

നവംബര്‍ 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശത നിലയിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.

Post a Comment