18 November 2022, 07:15 AM IST
ഒരേസമയം വേഗവും സമചിത്തതയും ഒത്തുചേർന്ന രക്ഷപ്രവർത്തനമാണ് അഗ്‌നിരക്ഷസേനയുടെ നേതൃത്വത്തിൽ നടത്തിയത്. മരണത്തിന് വിട്ടുകൊടുക്കാതെ കോട്ടയത്തെ അഗ്‌നിരക്ഷാസേനാംഗങ്ങൾ യുവാവിന്റെ ജീവൻ ചേർത്തുപിടിച്ചു.
X
• കോട്ടയം മറിയപ്പള്ളിയിൽ മതിൽനിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട പശ്ചിമബംഗാൾ ഈസ്റ്റ് മേദിനിപുർ ബാമുനിയാജംഗൽ സ്വദേശിയായ സുശാന്ത് മിദ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കാൻ ശ്രമിക്കുന്നു, ശരീരം മണ്ണിനടിയിൽ അകപ്പെട്ട സുശാന്ത്, വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ മുൻകരുതലായി ശ്വസനസഹായത്തിനുള്ള കുഴൽ കടിച്ചുപിടിച്ചിരിക്കുന്നു
മറിയപ്പള്ളി: കഴുത്തറ്റം മണ്ണ്. ജീവന്റെ കരയിലേക്ക് കയറാൻ വെമ്പുന്ന യുവാവ്. ശ്വാസമടക്കിപ്പിടിച്ച് നാട്ടുകാർ. ഒരു പ്രാർഥനയെ അവർക്കുണ്ടായിരുന്നുള്ളൂ. ജീവന്റെ മിടിപ്പുമായി സുശാന്ത് കയറിവരണേയെന്ന്. ആ പ്രാർഥന ഫലിച്ചു. രണ്ടുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം. പശ്‌ചിമബംഗാൾ സ്വദേശിയായ സുശാന്ത് മിദ്യ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറി.
മറിയപ്പള്ളിയിൽ മണ്ണിൽ പൂണ്ടുപോയ ഇതരസംസ്‌ഥാനത്തൊഴിലാളിയായ യുവാവിനെ കരയ്‌ക്കെത്തിച്ചത് അഗ്‌നിരക്ഷാസേനയുടെ സൂക്ഷ്മതയോടെയുള്ള രക്ഷാപ്രവർത്തനമായിരുന്നു. ഭാഷ അതിന് തടസ്സമായില്ല. ഒരു പോറൽപോലും ഏൽക്കാതെ യുവാവിനെ അവർ കരയ്‌ക്കെത്തിച്ചപ്പോൾ നാടിന്റെ നിറഞ്ഞ കൈയടി.
കൺമുന്നിൽ സുശാന്ത്; എന്നിട്ടും...
See More
രണ്ടാഴ്‌ചമുമ്പ് തകർന്നുവീണ വീടിന്റെമതിൽ നിർമിക്കാൻ അടിത്തറയെടുക്കുമ്പോഴായിരുന്നു അപകടം. കുറച്ചുദിവസം മുമ്പാണ് പണി തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ മതിലിന്റെ തകർന്ന ഭാഗങ്ങൾ മാറ്റി. വ്യാഴാഴ്‌ച രാവിലെയാണ് അടിത്തറയ്‌ക്കായി മണ്ണ്‌മാറ്റുമ്പോൾ മുകൾഭാഗത്തുനിന്ന് മണ്ണ് ഇടിഞ്ഞുവീണത്. അപ്പോൾ സമയം 9.15.
സംഭവസ്ഥലത്തെത്തിയ നാട്ടുകാർ
ഒപ്പമുണ്ടായിരുന്ന മലയാളിയായ ഷാജി, ഇതരസംസ്‌ഥാനത്തൊഴിലാളികളായ സഞ്‌ജയ്, ഉത്തം എന്നിവർ ഓടിമാറി. മണ്ണ് വാരിക്കൊണ്ടിരുന്ന സുശാന്തിന്റെ മേലേക്കാണ് മണ്ണ് പതിച്ചത്. നാട്ടുകാർ സ്‌ഥലത്തേക്ക് കുതിച്ചെത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ മണ്ണ് കുഴഞ്ഞനിലയിലായിരുന്നു. കൂടാതെ ഇടിഞ്ഞുവീണ മതിലിന്റെ കല്ലുകളും കോൺക്രീറ്റ് അവശിഷ്‌ടങ്ങളുമുണ്ടായിരുന്നു. കട്ടിയുള്ള മണ്ണ് രക്ഷാപ്രവർത്തനം അസാധ്യമാക്കി. കൺമുന്നിൽ സുശാന്ത് ഉണ്ടായിരുന്നിട്ടും വലിച്ചുകയറ്റാനാവാത്ത സ്‌ഥിതി. ഒരു കാൽ മണ്ണിൽനിന്ന് ഉയർത്തിയവേളയിലാണ് ബാക്കി മണ്ണുകൂടി ഇടിഞ്ഞു വീണ് സുശാന്ത് പൂർണമായും മണ്ണിനടിയിലായത്. ഇതോടെ ചുറ്റുംനിന്ന സ്‌ത്രീകളടക്കമുള്ളവരിൽനിന്ന് നിലവിളി ഉയർന്നു.
അവസരത്തിനൊത്തുയർന്ന അഗ്‌നിരക്ഷസേനാംഗങ്ങൾ ഒരു മിനിറ്റിൽ താഴെ സമയംകൊണ്ട് മണ്ണ് നീക്കി. തുടർന്ന് വെള്ളംകൊടുത്തു. വീണ്ടും മണ്ണ് ഇടിഞ്ഞാൽ ശ്വാസതടസ്സമുണ്ടാകാതിരിക്കാൻ അഗ്‌നിരക്ഷാസേന വായിൽ ട്യൂബ് കൊടുത്തു. രക്ഷപ്രവർത്തനത്തിനായി ഇരുമ്പ് പൈപ്പുകളും പലകകളും നാട്ടുകാർ എത്തിച്ചു. സിമന്റുചട്ടി കാൽപാദത്തിന്‌മുകളിൽ അമർന്നിരിക്കുന്നതിനാൽ കാൽ വലിച്ചെടുക്കാൻ പറ്റുമായിരുന്നില്ല. പിന്നീട് സൂക്‌ഷമതയോടെയായിരുന്നു സേനാംഗങ്ങളുടെ നീക്കങ്ങൾ. ജെ.സി.ബി.യുടെ സഹായത്തോടെ സമാന്തരമായി മണ്ണ്‌നീക്കി സുശാന്തിനെ പുറത്തെത്തിച്ചു. രാവിലെ ഒൻപതേകാലോടെ ആരംഭിച്ച രക്ഷാപ്രവർത്തനം 11.30-ന് അവസാനിച്ചു.
കൈയടിക്കാം...ഈ കൈയടക്കത്തിന്, വേഗത്തിന്
ഒരേസമയം വേഗവും സമചിത്തതയും ഒത്തുചേർന്ന രക്ഷപ്രവർത്തനമാണ് അഗ്‌നിരക്ഷസേനയുടെ നേതൃത്വത്തിൽ നടത്തിയത്. മരണത്തിന് വിട്ടുകൊടുക്കാതെ കോട്ടയത്തെ അഗ്‌നിരക്ഷാസേനാംഗങ്ങൾ യുവാവിന്റെ ജീവൻ ചേർത്തുപിടിച്ചു.
‘നാട്ടുകാർ പിന്തുണയുമായി ഒപ്പംനിന്നു; അതിന് ഏറെ നന്ദിയുണ്ട്’ -രക്ഷപ്രവർത്തനത്തിന് നേതൃത്വംനൽകിയ കോട്ടയം സ്റ്റേഷൻ ഓഫീസർ അനൂപ് പി.രവീന്ദ്രൻ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കോട്ടയം ഫയർ സ്‌റ്റേഷനിലെ സേനാംഗങ്ങൾ
സേനാംഗങ്ങളായ ഡി.എൽ. ഡിനയൽ, കെ.ടി.സലി, കെ.ബി.റെജിമോൻ, അജയ്‌കുമാർ, നോബിൾകുട്ടൻ, നിജിൽ കുമാർ, എ.സജീം, എം.എസ്.റാബി, ഐ. ഷിജി, രാജുമോൻ, വി.ഷാബു, ഡ്രൈവർമാരായ ജോട്ടി പി.ജോസഫ്, അനീഷ് ശങ്കർ, സണ്ണി ജോർജ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ചങ്ങനാശ്ശേരി അസി. സ്‌റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളും എത്തിയിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ., കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വില്ലേജ് ഓഫീസർ പ്രമോദ് കുമാർ, ഭൂരേഖ തഹസിൽദാർ നിജു കുര്യൻ എന്നിവരും എത്തിയിരുന്നു. യുവാവിനെ രക്ഷിച്ച അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ പാരിതോഷികം പ്രഖ്യാപിച്ചു.
ഈ രക്ഷാപ്രവർത്തനം ആദ്യ അനുഭവം-ജെ.സി.ബി.ഡ്രൈവർ
മണ്ണുനീക്കാൻ എത്തിച്ച ജെ.സി.ബി.യുടെ ഡ്രൈവറുടെ മനഃസാന്നിധ്യവും രക്ഷപ്രവർത്തനത്തിന് തുണയായി.
ജെ.സി.ബി. ഡ്രൈവർ പ്രകാശ്
‘ശ്രമകരമായ ജോലിയായിരുന്നു. ശരിക്കും ഭയന്നുപോയി. ഒരു ജീവനാണ് മുന്നിൽ. അതേ ബോധ്യത്തോടെ രക്ഷാസേനാംഗങ്ങളുടെ നിർദേശം അനുസരിക്കുകയായിരുന്നു’ -ജെ.സി.ബി. ഡ്രൈവർ കെ.പ്രകാശ് പറഞ്ഞു. മണ്ണ് എടുക്കാൻ പതിവായി പോകുന്നുണ്ടെങ്കിലും ഇത്തരം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും പ്രകാശ് പറഞ്ഞു. കാസർകോട് സുള്ള്യ സ്വദേശിയാണ് പ്രകാശ്. അണുവിടതെറ്റാതെ മണ്ണുനീക്കിയ പ്രകാശിനെ അഗ്നിരക്ഷാസേന അഭിനന്ദിച്ചു.
അഭിനന്ദനവുമായി മുഖ്യമന്ത്രി
കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിടിഞ്ഞ് കുടുങ്ങിപ്പോയ ഇതരസംസ്ഥാനത്തൊഴിലാളി സുശാന്തിനെ രക്ഷിച്ച സേനാംഗങ്ങളെയും നാട്ടുകാരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ അഭിനന്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. നിർമാണപ്രവർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ തലഭാഗത്തുനിന്ന് മണ്ണ് നീക്കംചെയ്ത് സുശാന്തിന് ശ്വാസതടസ്സം നേരിടുന്നത് ഒഴിവാക്കുകയും പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം തുടരുകയുമാണുണ്ടായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന സംയുക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുശാന്തിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നിൽനിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്നേഹപൂർവം അഭിനന്ദിക്കുന്നു.
ആശ്വാസതീരത്തേക്ക് സുശാന്ത്
‘വല്ലാതെ പേടിച്ചു. ജീവൻ കിട്ടിയപ്പോൾ ആശ്വാസം. എല്ലാവർക്കും നന്ദി’- ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ സുശാന്ത് പറഞ്ഞു.
സുശാന്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ
പൂവൻതുരുത്തിലാണ് സുശാന്ത് താമസിക്കുന്നത്. നാലു വർഷമായി ഇവിടെയെത്തിയിട്ട്. ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ എടുത്തു. എല്ലിന് പൊട്ടലില്ല. ഏറെനേരം മണ്ണിൽ കിടന്നതുകൊണ്ട് ശരീരവേദനയുണ്ടെന്നും സുശാന്ത് പറഞ്ഞു.
Content Highlights: Landslide at construction sitey - man trapped under debris rescued
Share this Article
Post a Comment