ഇവിടെ മാത്രം 500 ഏക്കറിലധികം സ്ഥലത്ത് തക്കാളി കൃഷിചെയ്യുന്നുണ്ട്. പ്രാദേശിക ഉൽപാദനം വർധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. കൃഷിയിടത്തിൽ നിന്നു പറിക്കുന്ന തക്കാളി വിപണിയിലെത്തിക്കുന്നതോടെ മൂന്നായി തരം തിരിക്കും. അതിൽ ഒന്നാംതരം തക്കാളിക്കാണ് ഇന്നലെ 14 കിലോഗ്രാമിന്റെ പെട്ടിക്ക് 65 മുതൽ 70 രൂപ വരെ ലഭിച്ചത്. രണ്ടും മൂന്നും തരത്തിൽപ്പെട്ട തക്കാളിക്ക് 30 രൂപയിൽ താഴെ മാത്രമാണ് വില. ഒരു ദിവസം തക്കാളി പറിക്കുന്ന തൊഴിലാളിക്ക് 250 രൂപയാണ് കൂലി. പരമാവധി 15 പെട്ടി തക്കാളി പറിക്കും.
ഒരുപെട്ടി തക്കാളി പറിക്കാൻ 15 രൂപയാണ് ചെലവ്. തക്കാളി വിപണിയിലെത്തിക്കാൻ പെട്ടിക്ക് 18 രൂപ വണ്ടിവാടക നൽകണം. കച്ചവടം നടന്നാൽ 10 രൂപയ്ക്ക് ഒരുരൂപ നിരക്കിൽ ചന്ത നടത്തുന്നവർക്ക് കമ്മിഷനും നൽകണം. ഇന്നലെ 60 രൂപയ്ക്ക് ലേലം പോയ തക്കാളി വിപണിയിലെത്തുന്നതു വരെ മാത്രം 40 രൂപയാണ് ചെലവ്. എല്ലാം കഴിഞ്ഞ് ഒരുകിലോഗ്രാം തക്കാളിക്ക് കർഷകനു ലഭിക്കുന്നത് ഒന്നര രൂപ. ഈ സ്ഥിതി തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് തക്കാളി കർഷകനായ കെരാംപാറ ആന്റണി അമൽരാജ് പറയുന്നു. മൂന്നാംതരം തക്കാളി എടുക്കാൻപോലും ആളില്ല. അതേസമയം തക്കാളിക്കൃഷി ഇല്ലാത്ത സ്ഥലങ്ങളിലെത്തുമ്പോൾ വില പതിന്മടങ്ങാണ് വർധിക്കുന്നത്.
ചിറ്റൂർ മേഖലയിൽ പെട്ടി ഓട്ടോറിക്ഷകളിൽ 7 കിലോ 100 രൂപയ്ക്ക് വിറ്റ തക്കാളി ഇന്നലെ പാലക്കാട്ടെ വിപണിയിൽ കിലോഗ്രാമിന് 60 രൂപയായിരുന്നു വില.ഒരേക്കറിൽ തക്കാളി കൃഷിയിറക്കാൻ വിത്ത്, വളം, പന്തൽ കൂലിച്ചെലവ് എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ഒരോ ദിവസവും ഇടവിട്ട് വിളവെടുത്താൽ ഒരേക്കറിൽ നിന്നു ശരാശരി 25 പെട്ടി തക്കാളി ലഭിക്കും. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കർഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാൽ ഹോർട്ടികോർപിനു നൽകാനും കർഷകർ തയാറല്ല. വരും ദിവസങ്ങളിൽ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.
Post a Comment