ആത്മവിശ്വാസത്തോടെ ആശുപത്രിയിലേക്ക്, ചലനമറ്റ് മടക്കം

ചെന്നൈ: പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നായിരുന്നു പ്രിയ അവസാനമായി വാട്സാപ്പ് സ്റ്റാറ്റസില്‍ കുറിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള സന്ദേശം എന്ന നിലയിലായിരുന്നു സ്റ്റാറ്റസിട്ടിരുന്നത്. തന്റെ തിരിച്ചുവരവിനുള്ള ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയെന്നും എന്റെ ഗെയിം(ഫുട്ബോള്‍) എന്നെ വിട്ടുപോകില്ലെന്നും പ്രിയ കുറിച്ചു.

പ്രിയയുടെ വാക്കുകള്‍ ഉറ്റവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നെങ്കിലും ചികിത്സാപ്പിഴവില്‍ ജീവന്‍ നഷ്ടമായി.

രവികുമാറിന്റെയും ഉഷാറാണിയുടെയും നാല് മക്കളില്‍ ഏകപെണ്‍കുട്ടിയാണ് പ്രിയ. ചെറിയ പ്രായത്തില്‍ തന്നെ ഫുട്ബോള്‍ കളിച്ചു തുടങ്ങി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഗൗരവമായി പരിശീലനം ആരംഭിച്ചിരുന്നു. സ്പോര്‍ട്സ് തന്നെയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ പ്രിയ പ്ലസ് ടുവിനെ ശേഷം ബിരുദത്തിന് തിരഞ്ഞെടുത്തത് കായിക വിദ്യാഭ്യാസമായിരുന്നു. കളത്തിലും അതിന് ശേഷം പരിശീലകയായും തിളങ്ങാനാകുമെന്ന് പ്രിയ വിശ്വസിച്ചു.

സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളില്‍കളിച്ച പ്രിയയ്ക്ക് ദേശിയതലത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. ഒക്ടോബര്‍ 20-ന് നടന്ന മത്സരത്തിന് ശേഷമായിരുന്നു കാല്‍മുട്ടിലെ പരിക്ക് വഷളായത്. ഉടന്‍ തന്നെ ചികിത്സയ്ക്ക് തയ്യാറാകുകയും ചെയ്തു.

ചികിത്സയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങുന്ന താരത്തെ കാത്തിരുന്ന സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും താങ്ങാനാകുന്നതായിരുന്നില്ല ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

പെരിയാര്‍ നഗര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോഗ്യം മോശമാക്കിയെങ്കിലും രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യക്കുമെന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാല്‍ സ്ഥിതി അതിഗുരുതരമാകുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പ്രിയയുടെ മൃതദേഹം ഏറ്റുവാങ്ങിയത് പ്രതിഷേധങ്ങള്‍ക്കൊടുവില്‍

ചെന്നൈ: ചികിത്സപ്പിഴവിനെത്തുടര്‍ന്ന് ഫുട്ബോള്‍താരം പ്രിയ മരിച്ചസംഭവത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രിയയുടെ ബന്ധുക്കള്‍ മടിച്ചു. തര്‍ക്കങ്ങള്‍ക്കും അധികൃതര്‍ നടത്തിയ ചര്‍ച്ചകള്‍ക്കും ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വന്‍ജനാവലിയുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര നടന്നത്. ഫുട്ബോളും, ബൂട്ടും ശവപ്പെട്ടിയില്‍വെച്ചാണ് അടക്കംചെയ്തത്.

പ്രിയയുടെ മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ സുഹൃത്തുകളും ബന്ധുക്കളും തടിച്ചുകൂടി. മരണത്തിന് കാരണക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് കുറ്റമുള്ളതായി ആരോഗ്യമന്ത്രിതന്നെ സമ്മതിച്ചു. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ എന്നിവര്‍ പ്രതിഷേധിച്ചുസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണിതെന്ന് പളനിസ്വാമി കുറ്റപ്പെടുത്തി. പ്രിയയുടെ കുടുംബത്തിന് ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു വിലാപയാത്രയും അന്ത്യകര്‍മങ്ങളും നടത്തിയത്.

Post a Comment