v>തിരുവനന്തപുരം: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ. റിജി ജോണിന്റെ നിയമനം ഹൈകോടതി റദ്ദാക്കിയതോടെ ഗവർണർ വെട്ടാൻ ലക്ഷ്യമിട്ട വി.സിമാരുടെ എണ്ണം ഒമ്പതായി കുറഞ്ഞു.
10 വി.സിമാരെ പുറത്താക്കാൻ ഗവർണർ തുടക്കമിട്ട നടപടികൾക്ക് ബലം പകരുന്നതാണ് ഹൈകോടതി വിധി. സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനത്തിൽ യു.ജി.സി റെഗുലേഷൻ പാലിച്ചില്ലെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സമാന ന്യൂനതകളുള്ള വി.സി നിയമനങ്ങൾക്കെല്ലാം വിധി ബാധകമെന്ന വിലയിരുത്തലിൽ 10 വി.സിമാർക്ക് ചാൻസലറായ ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഉൾപ്പെട്ടയാളാണ് ഡോ. റിജി ജോൺ.യു.ജി.സി റെഗുലേഷനിലെ വ്യവസ്ഥകൾ പാലിക്കാത്തതാണ് റിജി ജോണിന്റെ നിയമനം റദ്ദാക്കാൻ ഹൈകോടതി ചൂണ്ടിക്കാട്ടിയ കരണം. റിജി ജോണിന്റെ നിയമനം ശിപാർശ ചെയ്ത സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഉണ്ടായിരുന്നില്ല. സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമാണ്. ഫിഷറീസ് സർവകലാശാല നിയമപ്രകാരം സെർച് കമ്മിറ്റിയിൽ സർവകലാശാല ഗവേണിങ് കൗൺസിൽ നാമനിർദേശം ചെയ്യുന്നയാൾ, സർക്കാർ നാമനിർദേശം ചെയ്യുന്നയാൾ, ഇന്ത്യൻ അഗ്രികൾചർ റിസർച്ചിന്റെ ഡയറക്ടർ ജനറൽ/ അദ്ദേഹത്തിന്റെ പ്രതിനിധി എന്നിവരാണ് സെർച് കമ്മിറ്റി അംഗങ്ങൾ. ഇതുപ്രകാരമുള്ള സെർച് കമ്മിറ്റിയാണ് റിജി ജോണിന്റെ നിയമനത്തിന് ശിപാർശ നൽകിയത്. സെർച് കമ്മിറ്റി രൂപവത്കരിച്ചത് ചാൻസലറായ ഗവർണറുമാണ്. സെർച് കമ്മിറ്റി മൂന്നു മുതൽ അഞ്ചുവരെ പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കണമെന്നാണ് യു.ജി.സി റെഗുലേഷൻ. ഫിഷറീസ് സർവകലാശാലയിൽ വി.സി സ്ഥാനത്തേക്ക് റിജി ജോണിന്റെ പേര് മാത്രമാണ് സെർച് കമ്മിറ്റി ശിപാർശ ചെയ്തത്. ഇതും യു.ജി.സി റെഗുലേഷന് വിരുദ്ധമാണ്.ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യംചെയ്ത് 10 വി.സിമാരും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ ഗവർണർക്ക് മറുപടി നൽകുകയും ചെയ്തു. ഇതിൽ എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, മലയാളം സർവകലാശാല വി.സി ഡോ. വി. അനിൽ കുമാർ, ഒക്ടോബർ 23ന് കാലാവധി പൂർത്തിയാക്കിയ കേരള സർവകലാശാല വി.സി ഡോ. വി.പി. മഹാദേവൻ പിള്ള എന്നിവരുടെ നിയമനങ്ങൾക്കെല്ലാം ഫിഷറീസ് സർവകലാശാല വി.സി നിയമനം റദ്ദാക്കാൻ കാരണമായ, പാനലിനു പകരം ഒറ്റപ്പേരാണ് നൽകിയത്.
v>
Post a Comment