സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗോപുവും സംഗീതയും അടുപ്പത്തിലായിരുന്നു. ഇതിനിടയ്ക്ക് പ്രതിയായ ഗോപു അഖിൽ എന്ന പേരിൽ പെൺകുട്ടിയുമായി മറ്റൊരു നമ്പറിൽ ചാറ്റ് തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി സംഗീതയെ അഖിലെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീത അഖിലിന്‍റെ മെസേജ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.
ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാത്രി 1.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് വാതില്‍ തുറന്ന പിതാവ് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട സംഗീത. സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് രാവിലെയോടെ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post a Comment