അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണം പരിശോധിക്കേണ്ടതുണ്ടെന്ന് കെപി സി സി അധ്യക്ഷന്‍ പ്രതികരിച്ചു. പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു യുഡിഎഫ് സഹയാത്രികനായ അഭിഭാഷകന്റെ ആരോപണം.
>
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന് നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ ഈ വെളിപ്പെടുത്തലാണ് വിവാദത്തിന് തിരികൊളുത്തിയത്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ പി ജയരാജന് കുഞ്ഞാലിക്കുട്ടി സംരക്ഷകവചം ഒരുക്കിയെന്നാണ് ഗുരുതര ആരോപണം.

ടിപി ഹരീന്ദ്രനെ കെ സുധാകരന്‍ തള്ളി പറയാതിരുന്നത് ശ്രദ്ധേയമാണ്. 10 വര്‍ഷത്തിനുശേഷം അപവാദവും അസംബന്ധവും പ്രചരിപ്പിക്കുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു. ലീഗിലെ വിഭാഗീയതക്കും ആരോപണം ഇന്ധനം പകരുകയാണ്. ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെ പരോക്ഷ വിമര്‍ശന സൂചന നല്‍കുന്ന ഫേസ്ബുക്ക് കുറിപ്പ് അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ പങ്കുവെച്ചു.

Post a Comment