>
വർക്കല: വടശ്ശേരിക്കോണത്ത് 17 വയസ്സുള്ള പെൺകുട്ടിയെ ആൺസുഹൃത്ത് വകവരുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെ. ആൾമാറാട്ടം നടത്തി അടുപ്പമുണ്ടാക്കുകയും അവസാന നിമിഷം വരെ ഒരു സംശയത്തിനുമിടനൽകാതെ കൃത്യം നടപ്പാക്കുകയുമാണ് പ്രതി ചെയ്തത്. പ്രണയനൈരാശ്യവും അതുവഴിയുണ്ടായ പകയുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഒരു സിനിമാക്കഥയെന്നു തോന്നിക്കുന്ന രീതിയിലായിരുന്നു അതു നടപ്പാക്കാൻ വേണ്ട വഴികൾ ആസൂത്രണം ചെയ്തത്.
മൂന്നു മാസത്തോളം അടുപ്പമുണ്ടായിരുന്ന സംഗീത, തന്റെ പ്രണയം നിരസിച്ചത് ഗോപുവിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതോടെ പുതിയ നമ്പർ സംഘടിപ്പിച്ച് അഖിൽ എന്ന പേരിൽ സംഗീതയുമായി അടുക്കാൻ ശ്രമം തുടങ്ങി. ചാറ്റിങ്ങിലൂടെ എളുപ്പത്തിൽ സംഗീതയുമായി സൗഹൃദം സ്ഥാപിക്കാനുമായി. സംഗീത തന്നിൽനിന്ന് അകന്നതും അതേസമയം ഉടനെ മറ്റൊരു ബന്ധത്തിനു തയ്യാറായതും ഗോപുവിൽ വൈരാഗ്യമുണ്ടാക്കി. ചാറ്റിങ്ങിനിടെ ഗോപുവിനെക്കുറിച്ച് കുറ്റങ്ങൾ പറഞ്ഞത് വൈരാഗ്യം ഇരട്ടിയാക്കി. ഇതെല്ലാമാണ് സംഗീതയെ ഇല്ലാതാക്കണമെന്ന മാനസികാവസ്ഥയിലേക്ക് ഗോപുവിനെ നയിച്ചത്.
ചാറ്റിങ്ങിലൂടെ രാത്രി സംഗീതയെ വീടിനു പുറത്തെത്തിക്കാൻതക്കവണ്ണമുള്ള വിശ്വാസം ഇയാൾ നേടിയിരുന്നു. ഗോപുവും അഖിലും ഒരാളാണെന്നറിയാതെയാണ് അഖിലിനെ ആദ്യമായി കാണാൻ സംഗീത വീട്ടിൽനിന്നിറങ്ങിയത്. രാത്രി ഹെൽമെറ്റ് ധരിച്ചു നിന്ന ഗോപുവിനോട്, അഖിലാണെന്നു ധരിച്ച് സംഗീത സംസാരിച്ചു തുടങ്ങി. ശബ്ദം തിരിച്ചറിഞ്ഞതോടെയാണ് സംഗീതയ്ക്കു പന്തികേടു തോന്നിയത്. രക്ഷപ്പെടാൻ ശ്രമിക്കും മുൻപ് ഗോപു പ്രതികാരം നടപ്പാക്കി കടന്നുകളയുകയായിരുന്നു. സ്വന്തം ഫോണിലെ ചാറ്റുകൾ ഗോപു നീക്കംചെയ്തിരുന്നു. താനുമായി സംഗീതയ്ക്ക് ഇപ്പോൾ ബന്ധമില്ലാത്തതിനാൽ പിടിക്കപ്പെടില്ലെന്നു കരുതിയാണ് വീട്ടിലെത്തിയത്.
JUST IN
See More
സംഭവം നടത്തിയ ശേഷം വീട്ടിലെത്തിയ ഗോപുവിനെ രാവിലെ അഞ്ചുമണിയോടെ പോലീസ് പിടികൂടുകയായിരുന്നു. സി.സി. ടി.വി., മൊബൈൽ ടവർ എന്നിവ വഴി നടത്തിയ അന്വേഷണവും നാട്ടുകാർ നൽകിയ വിവരങ്ങളുമാണ് വിദഗ്ദ്ധമായി നടത്തിയ കൊലപാതകത്തിലെ പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. അറസ്റ്റിലായ പ്രതി യാതൊരു മനസ്താപവുമില്ലാതെയാണ് പെരുമാറിയത്. ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ സ്വീകരിച്ചു. റൂറൽ എസ്.പി. ഡി.ശില്പയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി. പി.നിയാസ്, ഇൻസ്പെക്ടർ എസ്.സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പുലർച്ചെ കതകിൽ തട്ടിയത് ചോരയിൽ കുളിച്ച മകൾ
വർക്കല: ‘പുലർച്ചെ ഒന്നരയോടെ കതകിൽ ആരോ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടാണ് ഞാനും ഭാര്യയും ഉണർന്നത്. ജനൽ തുറന്ന് ആരെന്നു ചോദിച്ചപ്പോൾ മിണ്ടാനാകാതെ കൈ ഉയർത്തി വിളിക്കുന്ന മകൾ സംഗീതയെയാണ് കണ്ടത്. കതകുതുറന്ന് പുറത്തിറങ്ങിയപ്പോഴാണ് മകൾ രക്തത്തിൽക്കുളിച്ചു കിടക്കുന്നതു കണ്ടത്. മകളെ കെട്ടിപ്പിടിച്ച് എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ പിടയുകയായിരുന്നു അവൾ’ -വടശ്ശേരിക്കോണത്ത് കൊല്ലപ്പെട്ട സംഗീതയുടെ അച്ഛൻ സജീവിന് മകളുടെ അവസാന നിമിഷങ്ങൾ ഓർക്കുമ്പോൾ വാക്കുകൾ പുറത്തേക്കുവരുന്നില്ല. കണ്ണീരടക്കാൻ കഴിയാത്ത അച്ഛനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും കഴിയുന്നില്ല.
കഴുത്തിനു വെട്ടേറ്റ സംഗീതയെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ സജീവിന്റെ മടിയിൽക്കിടത്തിയാണ് കൊണ്ടുപോയത്. പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മകളുടെ ശരീരം നിശ്ചലമാകുന്നത് നിസ്സഹായനായി നോക്കിയിരിക്കാൻ മാത്രമേ ആ പിതാവിനു കഴിഞ്ഞുള്ളൂ. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ സജീവിന് ദുഃഖമടക്കാനായില്ല. താൻ ഇത്രയും നാൾ പൊന്നുപോലെ നോക്കിയ മകൾക്ക് ഈ ഗതി വന്നല്ലോയെന്ന വിലാപമായിരുന്നു.
മകളും ഗോപുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ സജീവും ബന്ധുക്കളും ഗോപുവിന്റെ പള്ളിക്കലിലെ വീട്ടിൽ പോയിരുന്നു. വിഷയം സംസാരിച്ച് പറഞ്ഞു വിലക്കുകയും ചെയ്തു.
അതോടെയാണ് സംഗീത ബന്ധത്തിൽനിന്നു പിന്മാറിയത്. പ്രശ്നങ്ങളെല്ലാം കഴിഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് ബുധനാഴ്ച പുലർച്ചെ ദുരന്തമുണ്ടായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സംഗീതയുടെ മൃതദേഹം വൈകീട്ട് വീട്ടിലെത്തിച്ചു സംസ്കരിച്ചു. അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിനു പേർ വീട്ടിലെത്തിയിരുന്നു.
കണ്ടത് രക്തത്തിൽകുളിച്ച സംഗീതയെ
വർക്കല: പുലർച്ചെ അയൽവീട്ടിൽനിന്നുള്ള വലിയ നിലവിളികേട്ടാണ് രാഹുൽ ഉണർന്നത്. അവിടേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽക്കുളിച്ചു കിടക്കുന്ന സംഗീതയെയും വാവിട്ടുകരയുന്ന വീട്ടുകാരെയുമാണ്. മറ്റൊന്നും ആലോചിക്കാതെ തന്റെ വീട്ടിലെ ഓട്ടോയെടുക്കാൻ അച്ഛനോടു വിളിച്ചുപറഞ്ഞശേഷം സംഗീതയെയും എടുത്ത് റോഡിലേക്കോടി.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്ന സങ്കടമാണ് രാഹുലിന്. വടശ്ശേരിക്കോണത്ത് വെട്ടേറ്റുമരിച്ച സംഗീതയുടെ അയൽവാസിയാണ് കുളക്കോട്ടുപൊയ്ക പാലവിള വീട്ടിൽ രാഹുൽ. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾത്തന്നെ കഴുത്തിലെ മുറിവിൽനിന്നും രക്തം നന്നായി പുറത്തേക്കു പോകുന്നുണ്ടായിരുന്നു.
ശരീരമാകെ പിടച്ചിലും. രാഹുലിന്റെ അച്ഛൻ ഓടിച്ച ഓട്ടോയിലാണ് സംഗീതയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഗീതയുടെ അച്ഛനും രാഹുലിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കാറുകൾക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്ന് രാഹുൽ പറയുന്നു. പാലച്ചിറ കഴിഞ്ഞപ്പോൾ സംഗീതയുടെ ശരീരം നിശ്ചലമായിത്തുടങ്ങിയിരുന്നു. 15 മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃത്യം നടത്തിയത് മറ്റൊരുപേരിൽ സൗഹൃദം സ്ഥാപിച്ച്
വർക്കല: പതിനേഴുകാരിയെ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറത്തുകൊന്നു. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം കുളക്കോട്ടുപൊയ്ക സംഗീതാനിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. പ്രതി പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപു(20)വിനെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം.
ഗോപുവും സംഗീതയും തമ്മിൽ മൂന്നുമാസം മുൻപുവരെ സൗഹൃദത്തിലായിരുന്നു. വീട്ടുകാർ ഇടപെട്ടതോടെ സംഗീത ബന്ധത്തിൽനിന്നു പിന്മാറി. അഖിൽ എന്നപേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചശേഷമാണ് യുവാവ് കൊലനടത്തിയത്. ഗോപുവും അഖിലും ഒരാളാണെന്ന് കൊലയ്ക്കു തൊട്ടുമുമ്പാണ് സംഗീത തിരിച്ചറിഞ്ഞത്.
പോലീസ് പറയുന്നത്: സംഗീത ഉറങ്ങുമ്പോഴാണ് സുഹൃത്ത് ഫോണിൽ വിളിച്ച് പുറത്തേക്കുവരാൻ ആവശ്യപ്പെട്ടത്. സമീപത്തെ ഇടറോഡിൽ സ്കൂട്ടറിൽ ഗോപു കാത്തുനിന്നു. ഗോപു ഹെൽമെറ്റ് ധരിച്ചാണ് നിന്നിരുന്നത്. ഗോപുവിനടുത്തെത്തി സംസാരിക്കുന്നതിനിടെ സംഗീതയ്ക്കു സംശയം തോന്നുകയും ഗോപുവാണെന്നു മനസ്സിലാക്കുകയും ചെയ്തു. ഇതോടെ അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിച്ച സംഗീതയെ ഗോപു തടഞ്ഞുനിർത്തി കത്തിയുപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ സംഗീത ഓടി വീട്ടിലെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലപള്ളിക്കലിലെ വീട്ടിൽനിന്നാണ് ഗോപുവിനെ പിടികൂടിയത്. കൃത്യത്തിനുപയോഗിച്ച കത്തി സംഗീതയുടെ വീടിന്റെ വഴിയരികിലെ പുരയിടത്തിൽ കണ്ടെത്തി. സംഗീതയുടെ മൊബൈൽ ഫോണും സമീപത്തുനിന്നു ലഭിച്ചു. തന്നിൽനിന്നകന്ന സംഗീത, മറ്റൊരു ബന്ധത്തിനു തയ്യാറായതും ചാറ്റ് ചെയ്യവേ ഗോപുവിനെക്കുറിച്ചു മോശമായി സംസാരിച്ചതും വൈരാഗ്യത്തിനിടയാക്കി. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ചോദ്യംചെയ്യലിൽ ഗോപു സമ്മതിച്ചതായി റൂറൽ എസ്.പി. ഡി. ശില്പ അറിയിച്ചു.
ഗോപു ടാപ്പിങ് തൊഴിലാളിയാണ്. നഗരൂർ രാലൂർക്കാവ് ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ഒന്നാംവർഷ ബി.കോം. വിദ്യാർഥിനിയായിരുന്നു സംഗീത. സജീവിന്റെയും ശാലിനിയുടെയും മകളാണ്. സഹോദരി: സജിത.
Post a Comment