ഏഷ്യൻ വംശജരായ ആളുകൾ അ‌ക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന്റെ വാർത്തകൾ ഇപ്പോൾ പലപ്പോഴും പുറത്ത് വരുന്നുണ്ട്. അതുപോലെ ബസിൽ വച്ച് ഒരു വിദ്യാർത്ഥിനിയെ ക്രൂരമായി അക്രമിച്ച വനിത അറസ്റ്റിലായി. യുഎസ്സിലാണ് സംഭവം. വിദ്യാർത്ഥിനിക്ക് തലയിൽ പലതവണ വെട്ടേറ്റു. ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ 18 -കാരിയാണ് ആക്രമിക്കപ്പെട്ടത്. തനിക്കു നേരെ നടന്നത് വംശീയാതിക്രമമാണ് എന്നും ഏഷ്യൻ വംശജയായതിനാലാണ് ആക്രമിക്കപ്പെട്ടത് എന്നും വിദ്യാർത്ഥിനി പറഞ്ഞതായി മാധ്യമങ്ങൾ എഴുതുന്നു. 
>
കഴിഞ്ഞയാഴ്ച ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിലാണ് ആക്രമണം നടന്നത്. തുടർന്ന്, 56 -കാരിയായ ബില്ലി ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീ പെൺകുട്ടിയെ അക്രമിക്കുന്നത് കണ്ട ബസിലെ യാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പിന്നാലെ പൊലീസ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ചാണ് തലയ്ക്ക് വെട്ടേറ്റത് കണ്ടത്. 

അവളുടെ വംശം കാരണം തന്നെയാണ് അവളെ അക്രമിച്ചത് എന്ന് അറസ്റ്റിലായ ബില്ലി ഡേവിസ് പൊലീസിനോട് തുറന്ന് പറഞ്ഞു. 'നമ്മുടെ രാജ്യത്തെ തകർക്കാനെത്തിയവരിൽ ഒരാൾ കുറയുമല്ലോ എന്ന് കരുതി തന്നെയാണ് പെൺകുട്ടിയെ അക്രമിച്ചത്' എന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. 

'താൻ ബസിൽ പുറത്തേക്കുള്ള വാതിലിന്റെ അരികിലായി നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീ തന്നെ ഉപദ്രവിച്ച് തുടങ്ങിയത്' എന്ന് അക്രമിക്കപ്പെട്ട പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ബസിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ നിന്നും പെൺകുട്ടിയും പ്രതിയും തമ്മിൽ യാതൊരു വിധത്തിലുള്ള വാക്കുതർക്കമോ ഒന്നും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്. ഒരു പ്രകോപനവും കൂടാതെ പ്രതി വിദ്യാർത്ഥിനിയെ ആവർത്തിച്ച് തലയിൽ വെട്ടുകയായിരുന്നു. 

'ഏഷ്യൻ വംശജർക്ക് നേരെയുള്ള വെറുപ്പ് ഒരു സത്യം തന്നെയാണ്' എന്ന് യൂണിവേഴ്സിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒപ്പം, 'അവരുടെ പശ്ചാത്തലം, വംശം, പാരമ്പര്യം എന്നിവ കാരണം ആരും ഉപദ്രവിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യരുത്' എന്നും പ്രസ്താവന പറയുന്നു. 

Post a Comment