ലഖ്‌നൗ: ഹൃദയ ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഉത്തര്‍പ്രദേശിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഉത്തര്‍ പ്രദേശില്‍ ആദ്യമായാണ് ഗര്‍ഭിണിക്ക് വേണ്ടി ഇത്തരമൊരു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രി വക്താവ് ഡോ.സുധീര്‍ സിംഗ് പറഞ്ഞു.

പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് 27 കാരിക്ക് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയത്. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ പല ആശുപത്രികളും കൈയൊഴിഞ്ഞെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

>
പ്രസവം നടക്കുമ്പോഴും അനസ്തേഷ്യ നല്‍കിയാലോ ഗര്‍ഭിണികള്‍ തളര്‍ന്നുപോകും. ഈ അവസ്ഥയില്‍ മേജര്‍ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കില്ല. ഈ കാരണത്താലാണ് പല ആശുപത്രികളും ശസ്ത്രക്രിയ ചെയ്യാന്‍ മടിച്ചതെന്ന് കെജിഎംയു ആശുപത്രി അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് യുവതിയെ കെജിഎംയുവിലേക്ക് റഫര്‍ ചെയ്യുന്നത്.


സിസേറിയനും ഹൃദയശസ്ത്രക്രിയയും ഒരുമിച്ച് ചെയ്യുമ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ഭീഷണിയാണ്. എന്നാല്‍ ഗൈനക്കോളജി വിദഗ്ധര്‍,കാര്‍ഡിയാക് അനസ്തെറ്റിസ്റ്റുകള്‍, കാര്‍ഡിയാക് സര്‍ജന്മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ യുവതിക്ക് അനസ്തേഷ്യ നല്‍കി ഒരേസമയം സിസേറിയനും ഹൃദയശസ്ത്രക്രിയയും ചെയ്യുകയായിരുന്നെന്ന് കാര്‍ഡിയാക് വിഭാഗം തലവന്‍ പ്രൊഫ.എസ്‌കെ സിങ് പറഞ്ഞു.

Post a Comment