കണ്ണൂര്‍: ''കാറിനുള്ളില്‍ തീ ആളിപ്പടരുമ്പോള്‍ അവര്‍ രണ്ടുപേരും രക്ഷിക്കണേയെന്ന് നിലവിളിച്ചു. ഡ്രൈവര്‍സീറ്റിലിരുന്ന ആള്‍ കാറിന്റെ ഡോര്‍ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. പുറത്തിറങ്ങിയവരാകട്ടെ, എന്തുചെയ്യണമെന്നറിയാതെ നിലത്തുവീണ് നിലവിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും...'' - കണ്ണൂരില്‍ കാര്‍ കത്തിയുണ്ടായ അപകടം നേരില്‍ കണ്ട കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ വാന്‍ഡ്രൈവര്‍ കാപ്പാട് സ്വദേശി എന്‍. സജീര്‍ പറയുന്നു.
v>
ജില്ലാ ആസ്പത്രിഭാഗത്തേക്ക് പോകുകയായിരുന്ന സജീര്‍ പെട്ടെന്നാണ് മുന്നിലുള്ള കാറില്‍നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വണ്ടി നിര്‍ത്തി ഓടിയെത്തുമ്പോഴേക്കും കാറിന്റെ പിന്‍സീറ്റിലുള്ളവര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ മുന്‍സീറ്റിലുള്ളവരെ പുറത്തെത്തിക്കാന്‍ നാട്ടുകാരടക്കം അഞ്ചാറുപേര്‍ ശ്രമിച്ചെങ്കിലും തീ പടരുന്നതിനാല്‍ പറ്റിയില്ല.
''കല്ല് ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിനിടയില്‍ രണ്ടുപേരെയും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ദാരുണരംഗം കണ്ട് കൈകാലുകള്‍ തളര്‍ന്നുപോകുന്നത് പോലെ തോന്നി. ഇതിനിടയില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമേറ്റെടുത്തു'' -സജീര്‍ പറഞ്ഞു.
JUST IN
See More
ഒരാള്‍ ഓടിയെത്തി വിവരമറിയിച്ച ഉടനെ ടീം അപകടസ്ഥലത്ത് എത്തിയെന്ന് അഗ്‌നിരക്ഷാസേന കണ്ണൂര്‍ യൂണിറ്റ് ഓഫീസര്‍ കെ.വി. ലക്ഷ്മണന്‍ പറഞ്ഞു. 30 സെക്കന്‍ഡിനുള്ളില്‍ അവിടെ എത്തി. അരമിനിറ്റിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. കട്ടര്‍ ഉപയോഗിച്ച് ഡോര്‍ തകര്‍ത്താണ് ദമ്പതിമാരെ പുറത്തെടുത്തത്. പിറകിലെ ഡോറിലൂടെ പ്രജിത്ത് പുറത്ത് കടക്കാനുള്ള ശ്രമം നടത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
നിലവിളി ചങ്കുതകര്‍ത്തു; എന്നിട്ടും ഒന്നും ചെയ്യാനായില്ലല്ലോ...
കണ്ണൂര്‍: തീപടര്‍ന്ന് ആളിക്കത്തുന്ന കാര്‍, വാഹനത്തിനകത്തുനിന്നും പുറത്തുംനിന്നും ഉയരുന്ന നിലവിളി. കാറിനുള്ളില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നില്‍ക്കേണ്ടിവന്നതിന്റെ നിരാശയും സങ്കടവുമായിരുന്നു അപകടം കണ്‍മുന്നില്‍ കണ്ടവര്‍ക്ക്.
കണ്ട ദൃശ്യങ്ങള്‍ മാഞ്ഞുപോയിട്ടില്ല ഇവരുടെ കണ്ണിന് മുന്നില്‍നിന്ന്. വാഹനത്തില്‍നിന്ന് തീ ഉയരുന്നതുകണ്ടാണ് വഴിയാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തിയത്. എന്താണ് സംഭവിച്ചെതെന്നറിയാതെ പരിഭ്രാന്തരായി പലരും.
വാഹനത്തിനുള്ളില്‍നിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ പടര്‍ന്നിരുന്നു. കാറിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിന്‍വാങ്ങി.
ഒന്നും ചെയ്യാനാകാതെ പലരും തലയില്‍ കൈവച്ച് തകര്‍ന്ന മനസ്സോടെ നിലത്തിരുന്നു. മരിച്ചത് ആരാണെന്ന് അറിയില്ലെങ്കിലും സ്ത്രീകളുള്‍പ്പടെ പലരും പൊട്ടിക്കരഞ്ഞു. കാറില്‍നിന്ന് രക്ഷപ്പെട്ടവരുടെ നിലവിളിയും നിസ്സഹായതയും കണ്ടുനിന്നവരുടെ ഉള്ളുതകര്‍ത്തു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും രണ്ടുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു. സംഭവമറിഞ്ഞ് കൂടുതലാളുകള്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും ഒഴുകിയെത്തിയിരുന്നു.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി
കണ്ണൂര്‍: കാര്‍ കത്തിയമര്‍ന്ന് അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായത് ശ്രീപാര്‍വതി. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ആസ്പത്രിയിലേക്ക് വന്നതായിരുന്നു ശ്രീപാര്‍വതിയും. എന്നാല്‍ യാത്ര വലിയൊരു ദുരന്തത്തിലാണെത്തിയത്അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നതുകണ്ട് കരഞ്ഞുവിളിച്ച എട്ടുവയസ്സുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അച്ഛനും അമ്മയും എവിടെയെന്നായിരുന്നു നിലവിളിച്ചുകൊണ്ട് ശ്രീപാര്‍വതിയുടെ ചോദ്യം. ജില്ലാ ആസ്പത്രിയുടെ അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോഴും ശ്രീപാര്‍വതി ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ.
കണ്ണീരണിഞ്ഞ് നാട്
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂരിലെ അന്തരീക്ഷം പോലും കണ്ണീരണിഞ്ഞിരുന്നു. കാത്തിരുന്ന നാടിനും നാട്ടുകാര്‍ക്കും മുന്നിലേക്ക് വൈകിട്ട് അഞ്ചേമുക്കാലോടെ പ്രജിത്തിന്റെയും റീഷയുടേയും മൃതദേഹമെത്തി. പ്രിയപ്പെട്ടവരുടെയെല്ലാം അന്തിമോപചാരമേറ്റുവാങ്ങിയാണ് പ്രജിത്തും റീഷയും യാത്രയായത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഇരുവരുടെയും മൃതദേഹം കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയിലെ ശാന്തിവനത്തില്‍ സംസ്‌കരിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അഞ്ചേമുക്കാലോടെയാണ് മൃതദേഹങ്ങള്‍ റീഷയുടെ വീടായ കുറ്റിയാട്ടൂര്‍ ബസാറിനടുത്ത ആനക്കല്‍ പുതിയപുരയിലെത്തിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ഇരുവരെയും അവസാനമായി കാണാനെത്തിയത്.
റീഷയുടെ അച്ഛന്‍ കെ.കെ.വിശ്വനാഥനും അമ്മ ശോഭനയും പ്രജിത്തിന്റെയും റീഷയുടെയും മകള്‍ ശ്രീപാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും അന്ത്യചുംബനം നല്‍കി. തുടര്‍ന്ന് ആറരയോടെ മൃതദേഹങ്ങള്‍ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉരുവച്ചാലിലെ പ്രജിത്തിന്റെ വീട്ടിലെത്തിച്ചു. സങ്കടം താങ്ങാനാകാതെ പ്രജിത്തിന്റെ സഹോദരി പ്രസന്ന ബോധരഹിതയായി. അവരെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു. ഏഴേകാലോടെ മൃതദേഹങ്ങള്‍ ശാന്തിവനത്തിലേക്ക് കൊണ്ടുപോയി.
ആസ്പത്രിയിലും ഇരുവരുടെയും വീടുകളിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മേയര്‍ ടി.ഒ.മോഹനന്‍, ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സി.പി.ഐ. നേതാവ് സി.എന്‍.ചന്ദ്രന്‍, സി.പി.എം. നേതാക്കളായ പി.വി.ഗോപിനാഥ്, എം.പ്രകാശന്‍, എന്‍.അനില്‍കുമാര്‍, കുറ്റിയാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി തുടങ്ങിയവരെത്തി അന്തിമോപചാരങ്ങളര്‍പ്പിച്ചു.
പ്രജിത്ത് കഠിനാധ്വാനി; നാട്ടിലറിയുന്ന കലാകാരന്‍
കണ്ണൂര്‍: ഒരുപതിറ്റാണ്ടിന് മുന്‍പാണ്. കുറ്റിയാട്ടൂര്‍ ഗ്രാമത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ എന്‍. ശശിധരന്‍ എഴുതിയ 'നാട്ടിലെ പാട്ട്' എന്ന നാടകം നാട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു. സംവിധാനം ബാബു അന്നൂര്‍. വീടിന് സമീപം നടക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പില്‍ വെറുതെ എത്തിയതാണ് ജെ.സി.ബി. ഡ്രൈവറായ ടി.വി. പ്രജിത്ത് എന്ന യുവാവ്. അമ്മാവന്‍ മണിയറച്ചാലില്‍ കൃഷ്ണന്‍ നാടകത്തിലെ ഒരു കഥാപാത്രമാണെന്ന് അറിഞ്ഞപ്പോള്‍ തനിക്കും ഒരു വേഷം ചെയ്യണമെന്നായി പ്രജിത്ത്.
പ്രജിത്തിന്റെ ആവശ്യം നിരസിക്കപ്പെട്ടില്ല. നാടകത്തില്‍ ഒരു വേഷം ലഭിച്ചു. നന്നായി അഭിനയിച്ചു. അഭിനയത്തിന് പുറമേ സംഘാടകരുടെ പ്രധാന സഹായിയായി.
ദുശ്ശീലമൊന്നുമില്ലാത്ത, സൗമ്യനായ പ്രജിത്ത് നാട്ടുകാര്‍ക്കെന്നപോലെ നാടകസംഘത്തിനും പ്രിയങ്കരനായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. നല്ലൊരു ഗായകന്‍കൂടിയാണ് പ്രജിത്ത്. നാടന്‍പാട്ടുകളാണ് പ്രിയം. കുറ്റിയാട്ടൂര്‍ പ്രതീക്ഷാ വാദ്യസംഘത്തിന്റെ പ്രമാണികൂടിയാണ് പ്രജിത്ത്. കുറ്റിയാട്ടൂര്‍ കെ.എ.കെ.എന്‍.എസ്.എ.യു.പി. സ്‌കൂള്‍ പി.ടി.എ.യുടെ സജീവ അംഗങ്ങളായിരുന്നു പ്രജിത്തും റീഷയുമെന്ന് പ്രഥമാധ്യാപിക കെ.കെ. അനിത പറഞ്ഞു.വാഹനമോടിക്കുന്നത് ഹരമായിരുന്ന പ്രജിത്തിന്റെ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നു ജെ.സി.ബി. ഓടിക്കാന്‍ പഠിക്കണമെന്നത്. ആ ജോലികൊണ്ടാണ് ജീവിതം കെട്ടിപ്പടുത്തതും. അടുത്തകാലത്താണ് കെട്ടിടനിര്‍മാണ കരാര്‍ജോലികള്‍ ചെയ്തുതുടങ്ങിയത്. അതിനിടയിലാണ് മരണം പ്രജിത്തിനെയും റീഷയെയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്.
തീ പടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നിന്ന്
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പരിശോധന നടത്തിയ ആര്‍.ടി. ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. സ്പീക്കറും ക്യാമറയും കാറില്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ സാനിറ്റൈസര്‍ പോലെ വേഗം തീപിടിക്കുന്ന വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.
അപകടത്തെക്കുറിച്ച് അന്വേഷിക്കും -പോലീസ് കമ്മിഷണര്‍
കണ്ണൂര്‍: കാറിന് തീ പിടിച്ച് ദമ്പതിമാര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തിയിട്ടുണ്ട്. കാര്‍ എത്ര കിലോമീറ്റര്‍ ഓടി, തീപിടിക്കാനുണ്ടായ കാരണങ്ങള്‍ എന്നിവ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
എ.സി.പി. ടി.കെ. രത്‌നകുമാര്‍, കണ്ണൂര്‍ സിറ്റി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്തെത്തി പരിശോധന നടത്തി
മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു
കണ്ണൂര്‍: കാര്‍ കത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന്് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാറുകളുടെ യന്ത്രത്തകരാറാണോ അപകടങ്ങള്‍ക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം. കണ്ണൂരില്‍ കാര്‍ കത്തി രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Post a Comment