ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ അട്ടപ്പാടിയിൽ ഉപേക്ഷിച്ച ശേഷം മുഖ്യപ്രതി ഷിബിലി തിരുവനന്തപുരത്തേക്ക് പോയെന്നാണ് സൂചന. മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിച്ച 19 മുതൽ ചെന്നെയിലേക്ക് കടക്കാൻ ശ്രമിച്ച 24 വരെ ഷിബിലി പലയിടത്തായി കറങ്ങുകയായിരുന്നു. 19 തിന് ഫർഹാനയെ വീട്ടിലാക്കി ഷിബിലി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കടന്നെന്നാണ് വിവരം. തെളിവുകൾ നശിപ്പിക്കാൻ ആയിരുന്നു ഈ യാത്രയെന്നാണ് സൂചന. ഇതെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂ.
ഫർഹാനയെയും ഷിബിലിയെയും കസ്റ്റഡിയിൽ ലഭിക്കാൻ നൽകിയ അപേക്ഷയിലെ വിശദാംശങ്ങൾ കൂടി ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചിട്ടുണ്ട്. ഫർഹാനയെ വെച്ച് ഹോട്ടലിൽ സിദ്ധിക്കിനെ കബളിപ്പിച്ചു എത്തിക്കുകയായിരുന്നു. സിദ്ധിക്കിന്റെ തുണി അഴിക്കാൻ ശ്രമിച്ചത് ഷിബിലി ആണെന്നും എതിർത്തപ്പോൾ കത്തി കഴുത്തിൽ വെച്ച് വരഞ്ഞെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഷിബിലി ചുറ്റികകൊണ്ട് തലയിൽ അടിക്കുമ്പോൾ ഫർഹാന സിദ്ധിഖിനെ പിടിച്ചു കൊടുത്തു. മുന്നാം പ്രതി ആഷിക്ക് കാൽ മടക്കി സിദ്ധിഖിന്‍റെ നെഞ്ചിൽ ചവിട്ടി.
കൊലപാതകത്തിന് ശേഷം ഇവര്‍ മൃതദേഹം മൂന്നായി മുറിച്ചു. മുൻ കൂട്ടി അറിയുന്ന പിൻ നമ്പർ ഉപയോഗിച്ച് പ്രതികൾ എടിഎമ്മിൽ നിന്നും പണം അപഹരിച്ചത്. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനും ആണ് ഇവരെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യത്തിൽ മാറ്റാർക്കും പങ്കില്ലെങ്കിലും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
Post a Comment