കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഹരീഷ് പേരടി. അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ലെന്ന് ഹരീഷ് പറയുന്നു. 

ഹരീഷ് പേരടിയുടെ വാക്കുകൾ 

രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ...മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം ...അങ്ങിനെ തോന്നാൻ പാടില്ല...കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല...രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.

അതേസമയം, . അനിൽ കുംബ്ലൈ, സാനിയ മിര്‍സ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചത്. 

ഇതിനിടെ, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയുള്ള പ്രതിഷേധത്തില്‍ നിന്നും താല്‍കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ സമരത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറിയത്. കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Post a Comment