പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയെന്നാണ് ഉയര്‍ന്ന വിമര്‍ശനം. നിരവധി പേരാണ് ചിത്രത്തിനെതിരെ രം​ഗത്തെത്തി. വിവാദങ്ങൾക്കിടെ തന്നെ ചിത്രം റിലീസിന് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടന്‍ നസിറുദ്ദീൻ ഷാ
 പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

 കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്", എന്ന് നസിറുദ്ദീൻ ഷാ പറയുന്നു. 

ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണെന്നും നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു. 

അതേസമയം, കേരള സ്റ്റോറിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിവിധ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രതാരം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സോഫീസില്‍ 225കോടിയോളം നേടിയ ചിത്രം ജൂണ്‍ മാസം ഡിജിറ്റല്‍ റിലീസ് നടത്തും എന്നാണ് വിവരം.

Post a Comment