കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഉടൻ വനത്തിലേക്ക് തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചന. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആനയെ ഉടൻ പരിശോധിക്കും. ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം. എറണാകുളം സ്വദേശി നൽകിയ ഹർജിയിലെ കോടതി നിർദേശം ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.

Post a Comment