ബിഹാറിലെ ഛപ്രയിൽ 45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേർന്ന് കുത്തിക്കൊന്നു. മൂവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ബക്രീദ് പ്രമാണിച്ച് വീട്ടിൽ എത്തിയതായിരുന്നു. രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരിയാണ് കൊല്ലപ്പെട്ടത്. പത്ത് വർഷം മുമ്പാണ് അലംഗീർ ആദ്യ ഭാര്യ സൽമയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായതോടെ സൽമ മാറി താമസിക്കാൻ തുടങ്ങി. ആറുമാസം മുമ്പ് ബംഗാൾ സ്വദേശിയായ ആമിനയെ അലംഗീർ വിവാഹം ചെയ്തു.

ആദ്യ ഭാര്യ സൽമ ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ എത്തിയിരുന്നതായി അലംഗീറിന്റെ ബന്ധുക്കൾ പറഞ്ഞു. സൽമയും രണ്ടാം ഭാര്യയും ഡൽഹിയിൽ വെച്ച് കണ്ടുമുട്ടിയെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ബക്രീദ് ആഘോഷിക്കാൻ ആലംഗീർ നാട്ടിലെത്തിയതറിഞ്ഞ് സൽമ ജൂലൈ ഒമ്പതിന് ബീഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമാതോടെ ഭാര്യമാർ ചേർന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്നു ആലംഗീറിനെ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് പട്‌ന മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആലംഗീർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സഹോദരിയുടെ പരാതിയിൽ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്

Post a Comment