യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കാണിച്ച് നടന്‍ വിനായകന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. കലൂരിലെ നടന്റെ ഫ്‌ലാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറായിരുന്നതായി വിനായകന്‍ വ്യക്തമാക്കിയിരുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ വിനായകന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഫോണ്‍ പൊലീസ് ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് എറണാകുളം നോര്‍ത്ത് പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. ഈ ഫോണ്‍ ഉപയോഗിച്ചാണ് വിനായകന്‍ ഫേസ്ബുക്ക് ലൈവ് നടത്തിയത്.

പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമര്‍ശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Post a Comment