മലപ്പുറം: സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങളെ അഭിനന്ദിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ നേരിട്ടെത്തിയ വിവരം പങ്കുവച്ച് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. റോഡ് സുരക്ഷാ നിയമങ്ങൾ, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതുകൊണ്ടാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങൾക്ക് വലിയ അഭിനന്ദന പ്രവാഹം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, ആരോ​ഗ്യം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ പകരുന്നതിനാവശ്യമായ പാഠ ഭാഗങ്ങളാല്‍ സമ്പന്നമാണ് സുന്നിവിദ്യാഭ്യാസ ബോർഡിന്റെ പുസ്തകങ്ങളെന്നും ഈ മാതൃക മുഴുവന്‍ മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

പ്രതിഷേധം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി, റൈറ്റ് സഹോദരങ്ങളല്ല വിമാനം കണ്ടുപിടിച്ചത് എന്ന് ഏത് സിലബസിലാണുള്ളത്?

സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരിയുടെ ഫേസ്ബുക്ക് കുറിപ്പ്

റോഡ് സുരക്ഷാ നിയമങ്ങൾ, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ നേരിട്ടു വന്ന് കൃതജ്ഞത രേഖപ്പെടുത്തുകയും സന്തോഷം അറിയിക്കുകയും ചെയ്തു. നമ്മുടെ രക്ഷക്കായി ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളും മാർ​ഗ നിർദ്ദേശങ്ങളും പാലിക്കാനുളളതാണെന്നും ലംഘിക്കാനുള്ളതല്ലെന്നുമുള്ള ബോധ്യം കു‍ഞ്ഞു പ്രായത്തിൽ തന്നെ പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ജാ​ഗ്രതയും സെക്യൂരിറ്റി ഓഡിറ്റുമൊക്കെയാണ് ഇപ്പോൾ കാണുന്നത്. അത് പ്രശ്നത്തിന്
പരിഹാരമാകുന്നില്ല. ഇത് മനസ്സിലാക്കിയാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠപുസ്തകങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്. സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, ആരോ​ഗ്യം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ പകരുന്നതിനാവശ്യമായ പാഠ ഭാഗങ്ങളാല്‍ സമ്പന്നമാണ് സുന്നിവിദ്യാഭ്യാസ ബോർഡിന്റെ പുസ്തകങ്ങള്‍. ഈ മാതൃക മുഴുവന്‍ മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്.

Post a Comment