മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം 'ഞാന്‍ എന്റെ കര്‍മം ചെയ്തു' എന്നുപറഞ്ഞ് പ്രതി വീടിന് മുന്നില്‍നില്‍ക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാള്‍ പ്രതികരിച്ചത്. കര്‍മം ചെയ്‌തെങ്കില്‍ മാറിനില്‍ക്ക്, അവരെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെ എന്നുപറഞ്ഞപ്പോളും പ്രതി അതിന് സമ്മതിച്ചില്ല. നിങ്ങള്‍ ആരും ഇനി നോക്കേണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ കീഴടക്കിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ പ്രതി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വിവാഹമോചിതനായ അനിലും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും നാട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തില്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന തുടരുകയാണ്.
കൃഷ്ണന്‍കുട്ടി-ശാരദ ദമ്പതിമാര്‍ക്ക് മൂന്നുമക്കളാണുള്ളത്. ഇതില്‍ ഇളയമകനാണ് അനില്‍. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ അനില്‍ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി വിവരമുണ്ട്. ബഹളംകേട്ട് പോലീസിനെ വിളിച്ചറിയിച്ചെങ്കിലും രാത്രി പോലീസ് എത്തിയില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയതോടെയാണ് ദമ്പതിമാരെ വെട്ടേറ്റനിലയില്‍ സമീപവാസികള്‍ കണ്ടത്. കഴുത്തറത്താണ് കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയത്. വയറിന്റെഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഇതിനുശേഷമാണ് പല്ലുതേക്കുകയായിരുന്ന ശാരദയെയും കഴുത്തിന് വെട്ടിയത്. ഇരുവരെയും ആക്രമിച്ചശേഷം വെട്ടുകത്തിയുമായി പ്രതി അനില്‍ വീടിന്റെ മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരെ ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി.
Post a Comment