കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസിറുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. മാറ്റങ്ങള്‍ വേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലീം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സലീം കുമാറിന്റെ കുറിപ്പ്

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം.
ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

വിദ്യാര്‍ഥികളോട് സംവദിക്കവേ ഒരു പരിപാടിയില്‍ ഗണപതിയെക്കുറിച്ച് ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കവേ ഗണപതി മിത്താണെന്ന പരാമര്‍ശമാണ് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ ഷംസീര്‍ മാപ്പ് പറയണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നു.

പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം ഷംസീര്‍ പ്രതികരണവുമായി രംഗത്തെത്തി. ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ ചോദിച്ചു.

Post a Comment